തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിവാദത്തിന്റെ പശ്ചാത്തലത്തിൽ നവോത്ഥാന പാരമ്പര്യവും മൂല്യങ്ങളും പിന്തുടരുന്ന സംഘടനകളുടെ യോഗം മുഖ്യമന്ത്രി പിണറായി വിജയൻ വിളിക്കുന്നു. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഡിസംബർ ഒന്നിന് വൈകിട്ട് മൂന്ന് മണിക്ക് തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ യോഗം ചേരും. നവോത്ഥാനമൂല്യങ്ങൾ പിന്തുടരുന്ന സംഘടനകൾ ഒന്നിച്ച് നിൽക്കണമെന്നും ഇതിനായി യോഗം വിളിക്കുമെന്നും 'നാം മുന്നോട്ട്' എന്ന പ്രതിവാര ടെലിവിഷൻ പരിപാടിയിലാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
ശബരിമലയുടെ പേരിൽ കേരളത്തെ പഴയ കാലത്തേക്ക് തിരിച്ചുകൊണ്ടുപോകാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് കേരളത്തെ അപമാനിക്കലാണ്. ഇതിനെതിരെ ജാഗ്രത പാലിക്കണം.
മാദ്ധ്യമങ്ങൾ ആദ്യഘട്ടത്തിൽ പൊതുവേ നല്ല നിലപാടാണ് സ്വീകരിച്ചത്. ശബരിമലപ്രശ്നത്തിൽ അവിടെ ഏറ്റവും കൂടുതൽ ആക്രമിക്കപ്പെട്ടത് മാദ്ധ്യമ പ്രവർത്തകരാണ്. കേരളത്തെ പിറകോട്ട് കൊണ്ടുപോവാനുള്ള നീക്കത്തെ തുറന്നുകാട്ടുകയാണ് മാദ്ധ്യമങ്ങൾ ചെയ്യേണ്ടത്. പല വാർത്തകളിലെയും വിന്യാസരീതി നാടിനെ പിറകോട്ട് വലിക്കുന്നവർക്ക് ഉത്തേജനം പകരുന്നതാണ്.
നവോത്ഥാനത്തിന്റെ ഭാഗമായി കെ. കേളപ്പൻ, മന്നത്ത് പത്മനാഭൻ തുടങ്ങിയവർ കാട്ടിയ മാതൃക ഇന്നത്തെ കാലത്ത് ഏറെ പ്രസക്തമാണ്. പാഠപുസ്തകങ്ങൾ നവോത്ഥാനമൂല്യങ്ങൾക്ക് അർഹമായ പ്രാധാന്യം നൽകി പരിഷ്കരിക്കുന്ന കാര്യവും സർക്കാർ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചരിത്രകാരൻ ഡോ. എം.ആർ. രാഘവവാര്യർ, ചരിത്രകാരനും ഉന്നത വിദ്യാഭ്യാസ കൗൺസിൽ ചെയർമാനുമായ ഡോ. രാജൻ ഗുരുക്കൾ, കെ.പി.എം.എസ് ജനറൽസെക്രട്ടറി പുന്നല ശ്രീകുമാർ, ഡോ. എസ്. ശാരദക്കുട്ടി, തനൂജ ഭട്ടതിരി, ഡോ. ഖദീജ മുംതാസ്, റോസി തമ്പി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. 25 മുതൽ വിവിധ ചാനലുകളിൽ പരിപാടി സംപ്രേഷണം ചെയ്യും.