fever

വിതുര: മലയോര മേഖലകളിൽ പകർച്ചപ്പനി പടരുന്നു. വിതുര, തൊളിക്കോട്, ആര്യനാട് പഞ്ചായത്തുകളിലാണ് പനി വ്യാപകമായത്. ദിനംപ്രതി നൂറുകണക്കിന് രോഗികളാണ് വിവിധ ആശുപത്രികളിൽ ചികിത്സതടി എത്തുന്നത്. വിതുര ഗവ. താലൂക്ക്ആശുപത്രി, തൊളിക്കോട് ഗവ. ആശുപത്രി മലയടി പി.എച്ച് സെന്റർ എന്നിവിടങ്ങളിൽ പനി ബാധിച്ചെത്തുന്നവരുടെ തിരക്ക് അനുദിനം വർദ്ധിക്കുകയാണ്. ആയുർവേദ - സ്വകാര്യആശുപത്രികളിലെ അവസ്ഥയും വ്യത്യസ്ഥമല്ല. വിതുര താലൂക്ക് ആശുപത്രി പനിബാധിതരാൽ നിറഞ്ഞിരിക്കുകയാണ്. തിരവധി പേരെ മെഡിക്കൽകോളജ് ആശുപത്രിയിലേക്കും മറ്റും റഫർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ച സംഭവവുമുണ്ടായി. ഡെങ്കിപ്പനിയുടെ ലക്ഷണമുള്ള അനവധി പേർ മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. സ്കൂളുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹാജർ നില കുറവാണ്. ധാരാളം വിദ്യാർത്ഥികൾ ചികിത്സതേടി ആശുപത്രിയിലാണ്. ആദിവാസി മേഖലയേയും പനി സാരമായി ബാധിച്ചിട്ടുണ്ട്. ആദിവാസി ഊരുകളിൽ നിന്ന് ധാരാളംപേർ നിത്യേനെ വിവിധ ആശുപത്രികളിൽ എത്താറുണ്ട്. കാലാവസ്ഥയിലെ വ്യതിയാനമാണ് പനി പടരാൻ കാരണമെന്നും പ്രതിരോധപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും പനി നിയന്ത്രണവിധേയമാണെന്നും ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.

പരാതികൾ അനവധി

തൊളിക്കോട്, വിതുര, ആര്യനാട്, പെരിങ്ങമ്മല, നന്ദിയോട് വിതുര പഞ്ചായത്തുകളിൽ നിന്നായി ആയിരങ്ങൾ ചികിത്സ തേടിയെത്തുന്ന വിതുര ഗവ. താലൂക്ക് ആശുപത്രിയെ ഒരുവർഷം മുൻപാണ് താലൂക്ക് പദവിയിലേക്ക് ഉയർത്തിയത്. താലൂക്ക് ആശുപത്രിയിൽ വേണ്ടത്ര അടിസ്ഥാനസൗകര്യങ്ങൾ ഇനിയും സജ്ജമാക്കിയിട്ടില്ല. ഡോക്ടർമാരുടെയെയും സ്റ്റാഫ് നഴസുമാരുടെയും മറ്റ് ജീവനക്കാരുടെയും കുറവ് നിലനിൽക്കുകയാണ്. ഡോകടറുടെ അഭാവം മൂലം പനിബാധിച്ചെത്തുന്നവർ ക്യൂ നിന്ന് ബുദ്ധിമുട്ടുന്നു. ആശുപത്രിയുടെ പ്രവർത്തനം താളം തെറ്റിയിട്ടും അധികാരികൾക്ക് അനക്കമില്ലെന്നാണ് ആക്ഷേപം.

ശുചീകരണം കടലാസിൽ

പഞ്ചായത്തുകളിൽ മഴക്കാലപൂർവ ശുചീകരണപ്രവർത്തനങ്ങൾ കടലാസിലാണ്. മാലിന്യ നിർമ്മാർജന പ്രവർത്തനങ്ങളും താളെ തെറ്റി. പാതയോരങ്ങളിൽ വരെ മാലിന്യം കുന്നുകൂടി കിടക്കുന്നത് ദൃശ്യമാണ്. പ്രധാന ജംഗ്ഷനുകളിൽ പോലും ഇൗച്ചയുടെയും, കൊതുകിന്റെയും ശല്യം വർദ്ധിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പ് മേധാവികൾ പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതമാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

''വിതുര, തൊളിക്കോട് പഞ്ചായത്തുകളിൽ പകർച്ചപ്പനി നിയന്ത്രണവിധേയമാക്കാൻ പഞ്ചായത്തും ആരോഗ്യവകുപ്പും അടിയന്തരനടപടികൾ സ്വീകരിക്കണം. ഫെഡറേഷൻസ് ഒഫ് റസിഡന്റ്സ് അസോസിയേഷൻ (വിതുര മേഖലാകമ്മിറ്റി)

നിത്യേനെ എത്തുന്നത് 100 ൽ പരം രോഗികൾ