nainamkonam-colony

കല്ലമ്പലം: അര നൂറ്റാണ്ടായി പട്ടയത്തിനായി കാത്തിരിക്കുന്ന നാവായിക്കുളം നൈനാംകോണം കോളനിയിലെ ഇരുനൂറോളം കുടുംബങ്ങൾക്ക് പട്ടയം ഉടൻ ലഭിക്കും. നാവായിക്കുളം ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡിലുൾപ്പെട്ടതാണ് ഈ കോളനി. രണ്ടു ഘട്ടമായാണ് പട്ടയം ലഭിക്കുക. 87 കുടുംബങ്ങൾക്ക് പട്ടയം ലഭിക്കുന്നതിന്റെ നടപടിക്രമങ്ങൾ പൂർത്തിയായതായി വി.ജോയി എം.എൽ.എ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ പട്ടയം വിതരണം ചെയ്യും. 87 കുടുംബങ്ങൾ കൈവശാവകാശം വച്ചിരിക്കുന്ന ഭൂമിയുടെ ലാൻഡ് വാല്യൂ ഇനത്തിൽ സർക്കാരിലേക്ക് അടയ്ക്കേണ്ട തുക മുഴുവൻ കുടുംബങ്ങളും അടച്ചുകഴിഞ്ഞു. ശേഷിക്കുന്ന കുടുംബങ്ങൾക്ക് ലാൻഡ് ട്രൈബ്യൂണൽ ഉത്തരവ് മുഖേന താമസിക്കുന്ന ഭൂമി പതിച്ച് ലഭിക്കും. വി.ജോയി എം.എൽ.എയ്ക്ക് കോളനിക്കാർ നൽകിയ നിവേദനത്തെ തുടർന്നാണ് പട്ടയം നൽകുന്ന നടപടികൾക്ക് വീണ്ടും ജീവൻ വച്ചത്. എം.എൽ.എ റവന്യൂവകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും കളക്ടർ ഉൾപ്പെടെ റവന്യൂ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്‌ത് സ്‌പെഷ്യൽ സർവേ ടീമിനെ നിയമിച്ചു. ഈ റിപ്പോർട്ടിന്മേൽ താലൂക്ക് - വില്ലേജ് തലത്തിൽ താമസക്കാരുടെ അപേക്ഷ വാങ്ങി താമസ ഭൂമിക്ക് പട്ടയം നൽകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുകയായിരുന്നു.

ഇപ്പോൾ കോളനിയിൽ താമസിക്കുന്നത് - 500 ഓളം കുടുംബങ്ങൾ

 ആദ്യഘട്ടത്തിൽ പട്ടയം ലഭിക്കുന്നത് - 87 കുടുംബങ്ങൾക്ക്

ചരിത്രം

1970 ജനുവരി 1ന് എ.കെ. ഗോപാലന്റെ നേതൃത്വത്തിൽ നടന്ന മിച്ചഭൂമി സമരത്തോടനുബന്ധിച്ചാണ് നൈനാംകോണം കോളനിയിൽ കുടിയേറ്റവും കുടിൽകെട്ടി സമരവും ആരംഭിച്ചത്. ഭൂപരിഷ്കരണ നിയമം നടപ്പിലായപ്പോൾ മിച്ച ഭൂമിയായി സർക്കാരിന് വിട്ടുകൊടുത്ത 13 ഏക്കർ ഭൂമിയിലാണ് ഭൂരഹിതരായ പാവപ്പെട്ടവർ കുടിൽ കെട്ടി താമസം തുടങ്ങിയത്. 1971 ജനുവരിയിൽ അന്നത്തെ നാവായിക്കുളം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റും കർഷകതൊഴിലാളി നേതാവുമായിരുന്ന എൻ. ഗോപാലകൃഷ്ണ കുറുപ്പിന്റെ നേതൃത്വത്തിലാണ് ഭൂരഹിതർ മിച്ചഭൂമിയിൽ പ്രവേശിച്ച്‌ കുടിൽകെട്ടി താമസം തുടങ്ങിയത്. ഇന്ന് 500ഓളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. തിരിച്ചറിയൽ രേഖകളും റേഷൻ കാർഡുമൊക്കെ കൈവശമുണ്ടെങ്കിലും പട്ടയം മാത്രം ഇവർക്ക് കിട്ടാക്കനിയായിരുന്നു.

നൈനാംകോണം കോളനി വാസികളുടെ അരനൂറ്റാണ്ടിന്റെ സ്വപ്‌നമാണ് സഫലമാകുന്നത്. പട്ടയം ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് നല്ല സഹകരണമാണുണ്ടായത്. മുഖ്യമന്ത്രിയെ കൊണ്ട് പട്ടയം വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.

- വി. ജോയി എം.എൽ.എ