തിരുവനന്തപുരം: ശബരിമലയിൽ നിരോധനാജ്ഞ പിൻവലിച്ച് സമാധാനവും ശാന്തിയും പുനഃസ്ഥാപിക്കാൻ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവർണർ പി. സദാശിവത്തിന് നിവേദനം നൽകി. ഇന്നലെ രാവിലെ യു.ഡി.എഫ് സംഘം നേരിട്ട് നിവേദനം സമർപ്പിക്കാനായിരുന്നു തീരുമാനമെങ്കിലും എം.ഐ. ഷാനവാസിന്റെ നിര്യാണത്തെ തുടർന്ന് വൈകിട്ട് ദൂതൻവശം കൈമാറുകയായിരുന്നു. പ്രധാന തീർത്ഥാടനകേന്ദ്രമായ ശബരിമലയിൽ 16,000 പൊലീസുകാരെ വിന്യസിച്ച് സംസ്ഥാനസർക്കാർ ഭീകരാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണെന്ന് നിവേദനത്തിൽ പറയുന്നു. ആർ.എസ്.എസ്- സംഘപരിവാർ ശക്തികൾക്ക് മുതലെടുപ്പിന് അവസരമൊരുക്കിക്കൊടുത്ത സർക്കാർ, അവരഴിച്ചുവിടുന്ന അക്രമങ്ങളുടെ പേരിൽ ദർശനത്തിനെത്തുന്ന ലക്ഷക്കണക്കിന് ഭക്തരെ ശിക്ഷിക്കുന്നത് ശരിയല്ല. 41 ദിവസം വ്രതം നോറ്റെത്തുന്ന അയ്യപ്പഭക്തരെ ഭീകരപ്രവർത്തകരെ പോലെയാണ് പൊലീസ് കൈകാര്യം ചെയ്യുന്നത്. ശബരിമലയുടെ ചരിത്രത്തിൽ ആദ്യമായാണ് 144 പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ വർഷം അഞ്ച് ലക്ഷം ഭക്തരെത്തിയ സ്ഥലത്ത് ഇത്തവണ കേവലം 74,000 പേരാണെത്തിയത്. കെ.പി.സി.സി നിർദ്ദേശപ്രകാരം ശബരിമല സന്ദർശിച്ച തിരുവഞ്ചൂർ രാധാകൃഷ്ണനും അടൂർ പ്രകാശും വി.എസ്. ശിവകുമാറും സമർപ്പിച്ച റിപ്പോർട്ടിലെ വസ്തുതകളും പ്രതിപക്ഷ നേതാവടക്കമുള്ള യു.ഡി.എഫ് നേതാക്കൾക്ക് നേരിട്ട് ബോദ്ധ്യപ്പെട്ട വസ്തുതകളും ക്രോഡീകരിച്ചാണ് നിവേദനം.
നിവേദനത്തിൽ പറയുന്നത്:
പമ്പയിലടക്കം രൂക്ഷമായ കുടിവെള്ളക്ഷാമം. ഭക്ഷണവുമില്ല.
നിലയ്ക്കലിലും പമ്പയിലും സന്നിധാനത്തും ശൗചാലയങ്ങളുടെ കുറവ്
ആശുപത്രി സൗകര്യങ്ങളും ഇല്ല
നിലയ്ക്കലിലും പമ്പയിലും സന്നിധാനത്തും മതിയായ വിശ്രമ സൗകര്യങ്ങളൊരുക്കിയില്ല.
പുതുതായി ഏർപ്പെടുത്തിയ ക്യൂ സമ്പ്രദായം ഭക്തജനങ്ങളെ വലയ്ക്കുന്നു.
നിലയ്ക്കലിലും പമ്പയിലും കടകൾ സമയബന്ധിതിമായി ലേലം വിളിച്ച് നൽകാൻ ദേവസ്വം
ബോർഡിന് കഴിയാത്തതിനാൽ വരുമാനനഷ്ടം.