തിരുവനന്തപുരം: കാറ്റാടി യന്ത്രത്തിന്റെ മൊത്തവിതരണ അവകാശം നൽകാമെന്ന് പറഞ്ഞ് ബിജു രാധാകൃഷ്ണനും സരിത എസ്. നായരും ചേർന്ന് നാലര ലക്ഷം രൂപ വാങ്ങിയതായി പള്ളിയറ സ്വദേശിയായ സാക്ഷി കോടതിയിൽ മൊഴി നൽകി. ബാലരാമപുരം പള്ളിയറ അശോക് കുമാറാണ് അഡിഷണൽ ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് ടി.കെ. സുരേഷിനു മുൻപിൽ മൊഴി നൽകിയത്.
തിരുവനന്തപുരം, കന്യാകുമാരി ജില്ലകളിലെ വിതരണ അവകാശത്തിനായി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടു. നാലരലക്ഷം രൂപയുടെ ചെക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് കെെമാറി. മുണ്ടക്കയത്ത് പുതിയ ബാങ്ക് അക്കൗണ്ട് സരിതയുടെ പേരിൽ തുടങ്ങി അവിടെ നിന്ന് പണം പിൻവലിച്ചതായി അശോക് കുമാർ കോടതിയെ അറിയിച്ചു. ഓരോ ജില്ലയ്ക്കും രണ്ട് ലക്ഷം രൂപ വീതവും യന്ത്ര സാമഗ്രികൾക്ക് അൻപതിനായിരം രൂപയുമെന്നാണ് പ്രതികൾ പറഞ്ഞിരുന്നത്. കാറ്റിൽനിന്നു വെെദ്യുതി ഉത്പാദിപ്പിക്കുന്ന കാറ്റാടി യന്ത്രങ്ങൾ ലാഭകരമാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തന്നെ വഞ്ചിച്ചതെന്നും അശോക് കുമാർ കോടതിയെ അറിയിച്ചു.
പ്രതികൾക്ക് ചെക്ക് കെെമാറുമ്പോൾ സരിത എസ്. നായരുടെ മാതാവ് ഇന്ദിരാ ദേവി, മാനേജർ സിജു സുരേന്ദ്രൻ എന്നിവരും ഉണ്ടായിരുന്നു. കാറ്റാടി യന്ത്രങ്ങളോ വിതരണ അവകാശമോ നൽകാതിരുന്നപ്പോൾ പ്രതികളുടെ കോയമ്പത്തൂരിലെ ഒാഫീസിൽ എത്തിയെങ്കിലും അവിടെ അടഞ്ഞുകിടന്നതിനാൽ ആരോടും പരാതി പറയാൻ കഴിഞ്ഞില്ല. പിന്നീട് പ്രതികൾ പിടിയിലായതുകൊണ്ടാണ് കോടതിയിൽ നേരിട്ട് മൊഴി നൽകിയതെന്നും കോടതിയെ അറിയിച്ചു. പ്രോസിക്യൂഷനുവേണ്ടി സീനിയർ ഗ്രേഡ് എ.പി.പി ശുഭകുമാരി ഹാജരായി.