തിരുവനന്തപുരം: കെ.ടി.ഡി.എഫ്.സിക്ക് നൽകാനുള്ള 480 കോടി രൂപ തിരിച്ചടച്ച് തുടങ്ങിയില്ലെങ്കിൽ കെ.എസ്.ആർ.ടി.സിക്ക് ധനസഹായം നിറുത്തിവയ്ക്കുമെന്ന് സർക്കാർ കത്ത് നൽകി. പ്രതിദിന വരുമാനത്തിൽ നിന്നു വായ്പ തിരിച്ചടയ്ക്കുന്ന വിധത്തിൽ ബാങ്കിൽ ക്രമീകരണം (എസ്‌ക്രോ അക്കൗണ്ട്) ചെയ്യണം. ദിവസം ഒരു കോടി രൂപയെങ്കിലും തിരികെ നൽകണം. മാസം മുപ്പത് കോടി രൂപയാണ് തിരിച്ചടവ്. ഇതിനുള്ള നടപടി സ്വീകരിക്കാതെ സർക്കാർ സാമ്പത്തിക സഹായം ഉണ്ടാകില്ലെന്ന് ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ്.ആർ.ടി.സി എം.ഡിക്ക് നൽകിയ കത്തിൽ പറയുന്നു. ഈ മാസം 15 നാണ് ഇത് സംബന്ധിച്ച് കത്ത് കൈമാറിയത്.
ജീവനക്കാർക്ക് ശമ്പളവും ആനുകൂല്യങ്ങളും നൽകാൻ സർക്കാരിനോട് സാമ്പത്തിക സഹായം ആവശ്യപ്പെടാനിരിക്കെയാണ് ഈ നടപടി. ഈ മാസം 35 കോടി രൂപയാണ് കെ.എസ്.ആർ.ടി.സി പ്രതീക്ഷിച്ചിരുന്നത്. ഇത് രണ്ടാംതവണയാണ് കെ.എസ്.ആർ.ടി.സിക്കുള്ള ധനസഹായം നിറുത്തിവയ്ക്കുന്നത്. മുമ്പെടുത്ത നടപടി മന്ത്രിതല ചർച്ചയിൽ പിൻവലിക്കുകയായിരുന്നു.
നേരത്തേയുള്ള ബാദ്ധ്യതകൾ ബാങ്ക് കൺസോർഷ്യത്തിലേക്ക് മാറ്റിയതിനുശേഷം 60 കോടി രൂപയാണ് പ്രതിമാസം കെ.എസ്.ആർ.ടി.സിക്ക് മിച്ചം പിടിക്കാൻ കഴിയുന്നത്. ഇതിനുപുറമെ സർക്കാർ ധനസഹായം കൂടി കൊണ്ടാണ് ജീവനക്കാർക്ക് ശമ്പളം നൽകുന്നത്. പ്രതിദിനവരുമാനം ബാങ്ക് വായ്പ തിരിച്ചടയ്ക്കാനും ഡീസൽ ചെലവിനും മാത്രമേ തികയുള്ളൂ. ഇതിൽ നിന്നു കെ.ടി.ഡി.എഫ്.സിക്ക് കൂടുതൽ പണമടച്ചാൽ എണ്ണക്കമ്പനിക്കുള്ള വിഹിതം നിറുത്തിവയ്‌ക്കേണ്ടിവരും. ശബരിമലയിലേക്കുള്ള സ്പെഷ്യൽ സർവീസുകൾ കൂടി നഷ്ടമായതോടെ കൂടുതൽ പ്രതിസന്ധിയിലായ കോർപറേഷനെ ദുരിതക്കയത്തിലാക്കുന്നതാണ് സർക്കാരിന്റെ ഭീഷണി.