പാറശാല: ശബരിമല ദർശനത്തിനെത്തിയ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെ പൊലീസ് അപമാനിച്ചെന്നാരോപിച്ച് ബി.ജെ.പി പ്രവർത്തകർ കെ.എസ്.ആർ.ടി.സി ബസുകൾ കളിയിക്കാവിളയിൽ തടഞ്ഞു. ഇന്നലെ വൈകിട്ട് ഏഴിനായിരുന്നു സംഭവം.
നിറയെ യാത്രക്കാരുമായി നാഗർകോവിലിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഫാസ്റ്റ് പാസഞ്ചർ ബസുകളാണ് തടഞ്ഞത്. തുടർന്ന് തമിഴ്നാട് പൊലീസെത്തിയാണ് ബസ് കേരളത്തിലേക്ക് കടത്തി വിട്ടത്. തുടർന്ന് സർവീസ് പുനരാരംഭിച്ചിരുന്നു. എന്നാൽ രാത്രിയോടെ തമിഴ്നാട്ടിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസുകളും ബി.ജെ.പി പ്രവർത്തകർ തടയാൻ ശ്രമിച്ചു. ഇതോടെ ബസുകൾ അതിർത്തിയായ ഇഞ്ചിവിളയിൽ സർവീസ് അവസാനിപ്പിച്ച് മടങ്ങി. പൊലീസും കെ.എസ്.ആർ.ടി.സി അധികൃതരും ചേർന്നാണ് ബസുകൾ തിരിച്ചുവിട്ടത്. ബി.ജെ.പി പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ നാട്ടുകാർ ചേർന്ന് തമിഴ്നാട് ട്രാൻസ്പോർട്ടിന്റെ ബസുകളും കളിയിക്കാവിളയിൽ തടഞ്ഞിട്ടു. തുടർന്ന് അതിർത്തിയിൽ സർവീസ് അവസാനിപ്പിച്ച ശേഷം ബസുകൾ മടങ്ങി. ഇരു സംസ്ഥാനങ്ങളിൽ നിന്നുമുള്ള ബസുകൾ അതിർത്തിയിൽ യാത്ര അവസാനിപ്പിച്ചതോടെ യാത്രക്കാരും പെരുവഴിയിലായി. തുടർന്ന് കേരളത്തിലേക്കുള്ളവർ ഇഞ്ചിവിള വരെയും തമിഴ്നാട്ടിലേക്കുള്ളവർ കളിയിക്കാവിള വരെയും നടന്നാണ് യാത്ര തുടർന്നത്. ഇന്നലെ വൈകിട്ട് തക്കലയിലും കെ.എസ്.ആർ.ടി.സി ബസുകൾ തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ടിരുന്നു. തുടർന്ന് പൊലീസ് ഇടപെട്ടാണ് ബസുകൾ കേരളത്തിലേക്ക് വിട്ടത്. ഇതേത്തുടർന്ന് വിവിധ ഡിപ്പോകളിൽ നിന്ന് തമിഴ്നാട്ടിലേക്കുള്ള സർവീസുകൾ അതിർത്തിയിൽ അവസാനിപ്പിച്ചു.