ips

തിരുവനന്തപുരം: ശബരിമലയിൽ ഡ്യൂട്ടി ചെയ്യുന്ന ഐ.പി.എസ് ഉദ്യോഗസ്ഥർക്കെതിരായ വ്യക്തിപരമായ ആരോപണങ്ങളുന്നയിക്കുന്നതിനെതിരേ ശക്തമായി പ്രതികരിച്ച് ഐ.പി.എസ് അസോസിയേഷൻ രംഗത്ത്. ആവശ്യമെങ്കിൽ സുപ്രീംകോടതിയെ സമീപിക്കുമെന്ന് അസോസിയേഷൻ അറിയിച്ചു. അര ഡസനോളം ഉദ്യോഗസ്ഥർക്കെതിരേ ആരോപണങ്ങളും ഭീഷണിയുമുണ്ടായ സാഹചര്യത്തിലാണിത്. വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നും ഉദ്യോഗസ്ഥർക്ക് ഭീഷണിയുണ്ടെന്ന് അസോസിയേഷൻ വിലയിരുത്തി. ഉദ്യോഗസ്ഥർക്കെതിരായ മതപരവും വ്യക്തിപരവുമായ ആരോപണങ്ങളുന്നയിക്കുന്നതിനെ അസോസിയേഷൻ അപലപിച്ചു. സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.

ഉദ്യോഗസ്ഥർക്കെതിരേ വ്യക്തിഹത്യ നടത്തുന്നവർക്കെതിരേ നിയമനടപടി സ്വീകരിക്കും. ശക്തമായ നടപടിയാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും കത്തുനൽകി. ഉദ്യോഗസ്ഥർക്ക് പക്ഷപാത രഹിതമായും കാര്യക്ഷമമായും പ്രൊഫഷണലായും ജോലി ചെയ്യാൻ അവസരമൊരുക്കണമെന്നാണ് ആവശ്യം. ഇത്തരം നടപടികൾ ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുമെന്നും അസോസിയേഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. നേരത്തേ ശബരിമലയിലെ നടപടികളുടെ പേരിൽ ഐ.ജി മനോജ് എബ്രഹാമിനെതിരേ ആരോപണങ്ങളുണ്ടായപ്പോഴും അസോസിയേഷൻ രംഗത്തെത്തിയരുന്നു. പക്ഷപാതരഹിതമായി ക്രമസമാധാന ചുമതല നിർവഹിക്കുന്നതിന്റെ പേരിൽ ഉദ്യോഗസ്ഥരെ ജാതിയും മതവും പറഞ്ഞ് അധിക്ഷേപിക്കുന്നത് ദൗർഭാഗ്യകരമാണെന്നും ഇത്തരം ജനാധിപത്യവിരുദ്ധമായ നടപടികൾ സമൂഹത്തിൽ അരാജകത്വത്തിന് വഴിവയ്ക്കുമെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി. ജാതിയും മതവും പറഞ്ഞുള്ള അധിക്ഷേപങ്ങൾ സേനയിൽ വർഗ്ഗീയ ചേരിതിരിവുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും ഇത് പൊലീസിന് ഭീഷണിയാണെന്നും ഇത്തരം അധിക്ഷേപങ്ങൾ കൊണ്ട് പൊലീസുദ്യോഗസ്ഥരെ ചുമതലകളിൽ നിന്ന് പിന്തിരിപ്പിക്കാനാവില്ലെന്നും അസോസിയേഷൻ പ്രമേയവും പാസാക്കിയിരുന്നു.