india-australia-cricket
INDIA AUSTRALIA CRICKET

ആസ്ട്രേലിയൻ പര്യടനത്തിലെ
ആദ്യ മത്സരത്തിൽ
ഇന്ത്യയ്ക്ക് തോൽവി

മഴ തടസപ്പെടുത്തിയ ട്വന്റി 20 യിൽ

തോറ്റത് നാല് റൺസിന്

ബ്രിസ്ബേൻ : ആസ്ട്രേലിയൻ പര്യടനത്തിലെ ആദ്യ മത്സരത്തിൽ വിരാട് കൊഹ്‌ലി നയിക്കുന്ന ഇന്ത്യൻ ടീമിന് തോൽവിയുടെ കയ്പ്പുനീര് കുടിക്കേണ്ടിവന്നു. ഇന്നലെ ബ്രിസ്ബേനിൽ ഇടയ്ക്ക് മഴയും കളിച്ച ട്വന്റി 20 മത്സരത്തിൽ നാല് റൺസിനായിരുന്നു ഇന്ത്യയുടെ തോൽവി. ഇതോടെ മൂന്ന് ട്വന്റി 20 കളുടെ പരമ്പരയിൽ ആതിഥേയർ മുന്നിലെത്തി.

ബ്രിസ്ബേനിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്ടൻ കൊഹ്‌ലി ആസ്ട്രേലിയെ ബാറ്റിംഗിന് ക്ഷണിച്ചു. ആതിഥേയ ബാറ്റിംഗ് 16.1 ഒാവറിൽ 153/3 എന്ന നിലയിലെത്തിയപ്പോൾ മഴ വീണു. തുടർന്ന് 17 ഒാവറായി മത്സരം വെട്ടിച്ചുരുക്കിയപ്പോൾ ആസ്ട്രേലിയ 158/4 എന്ന സ്കോർ ഉയർത്തി. ഡക്ക് വർത്ത് ലൂയിസ് മഴ നിയമപ്രകാരം പക്ഷേ ഇന്ത്യയുടെ ലക്ഷ്യം 174 റൺസായിരുന്നു. എന്നാൽ 17 ഒാവറിൽ 169/7 എന്ന സ്കോറിലെത്താനേ ഇന്ത്യയ്ക്ക് കഴിഞ്ഞുള്ളൂ.

ഗ്ളെൻ മാക്‌സവെൽ (46), ക്രിസ്‌ലിൻ (37), സ്റ്റോയ്‌നിസ് (33 നോട്ടൗട്ട്) ക്യാപ്ടൻ ആരോൺ ഫിഞ്ച് (27) എന്നിവരുടെ മികച്ച ബാറ്റിംഗാണ് ആസ്ട്രേലിയയെ 158/4 ലെത്തിച്ചത്. ഇന്ത്യയ്ക്കുവേണ്ടി കുൽദീപ് യാദവ് രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ഖലീൽ അഹമ്മദിനും ബുംറയ്ക്കും ഒാരോ വിക്കറ്റ് വീതം ലഭിച്ചു.

ഇന്ത്യൻ നിരയിൽ ശിഖർ ധവാൻ (76) ഒരറ്റത്ത് പൊരുതിയെങ്കിലും കാര്യമായ പിന്തുണ നൽകാൻ ആളില്ലാതെ പോയതാണ് പ്രശ്നമായത്. രോഹിത് (7), ലോകേഷ് രാഹുൽ (13), കൊഹ്‌ലി (4) എന്നിവരുടെ പുറത്താകലുകൾ നിർണായകമായി. ഋഷഭ് പന്തും (20), ദിനേഷ് കാർത്തിക്കും (30) ഒടുവിൽ പൊരുതിയെങ്കിലും ഫലമുണ്ടായില്ല.

ഒാസീസിന് വേണ്ടി അദം സാംപയും സ്റ്റോയ്‌നിസും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സാംപയാണ് മാൻ ഒഫ് ദ മാച്ച്.

പൊരുതിയിട്ടും ഇന്ത്യ

പതറി വീണു

. ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം വലിയ സ്കോറാണ് ഇന്ത്യയ്ക്ക് നേരിടേണ്ടിവന്നത്. എന്നാൽ ശിഖർ ധവാൻ ഒരറ്റത്ത് ധീരതയോടെ ഒാസീസ് ബൗളിംഗിനെ നേരിട്ടപ്പോൾ ലക്ഷ്യത്തിലെത്താനാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നു.

. ആദ്യ നാലോവറിൽത്തന്നെ ഇന്ത്യ 35 റൺസിലെത്തിയിരുന്നു. എന്നാൽ അഞ്ചാം ഒാവറിന്റെ ആദ്യപന്തിൽ ബ്രെൻഡോർഫ് രോഹിതിനെ (7) പുറത്താക്കി

. തുടർന്ന് ധവാൻ വീശിയടിച്ച് മുന്നേറിയെങ്കിലും ഒൻപതാം ഒാവറിൽ ലോകേഷ്

രാഹുലിനെയും, 11-ാം ഒാവറിൽ കൊഹ്‌ലിയെയും ആദം സാംപ പുറത്താക്കിയതോടെ ഇന്ത്യ 94/3 എന്ന നിലയിലായി.

. 42 പന്തുകളിൽ 10 ഫോറും രണ്ട് സിക്‌സുമടിച്ച ധവാൻ 12-ാം ഒാവറിൽ സ്റ്റാൻ ലേക്കിന്റെ പന്തിൽ പുറത്താകുമ്പോൾ ടീം സ്കോർ 105/4.

. പിന്നീട് ഋഷഭ് പന്തും ദിനേഷ് കാർത്തിക്കും ഒത്തുചേർന്ന് അഞ്ചാം വിക്കറ്റിൽ 51 റൺസടിച്ചുകൂട്ടി.

16-ാം ഒാവറിൽ പന്ത് പുറത്തായതോടെ കളിയുടെ ഗതിമാറി. അവസാന ഒാവറിൽ ക്രുനാൽ പാണ്ഡ്യയും (2), കാർത്തിക്കും കൂടി പുറത്തായതോടെ പരാജയം പൂർണമായി

സ്കോർ കാർഡ്

ആസ്ട്രേലിയ : 17 ഒാവറിൽ 158/4

മാക്‌സ്‌വെൽ 46, ക്രിസ്‌‌ലിൻ 37

സ്റ്റോയ്‌നിസ് 33 നോട്ടൗട്ട്, ഫിഞ്ച് 27

കുൽദീപ്: 4-0-24-2

ഇന്ത്യ: 17 ഒാവറിൽ 169/7

ധവാൻ 76, പന്ത് 20,

കാർത്തിക് 30

സാംപ 4-0-22-2

സ്റ്റോയ്‌നിസ് 3-0-27-2.

കൊഹ്‌ലിയെ മറികടന്ന് ധവാൻ

ഇന്നലെ 76 റൺസടിച്ച ശിഖർ ധവാൻ ഒരുവർഷം ട്വന്റി 20 യിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ ബാറ്റ്സ്‌മാൻ എന്ന റെക്കാഡ് വിരാട് കൊഹ്‌ലിയിൽ നിന്ന് സ്വന്തമാക്കി.

2016 ൽ കൊഹ്‌ലി കുറിച്ചിരുന്ന 641 റൺസിന്റെ റെക്കാഡ് മറികടന്ന ധവാൻ 646 റൺസിലെത്തി.

ഇഞ്ചോടിഞ്ച് മത്സരമായിരുന്നു. ബാറ്റിംഗിൽ നന്നായി തുടങ്ങാനായെങ്കിലും മദ്ധ്യ ഒാവറുകളിൽ ഒന്നുപതറി. പക്ഷേ പന്തും കാർത്തിക്കും ചേർന്ന് വിജയ പ്രതീക്ഷ ഉണർത്തിയതാണ് . അവസാനം പന്തിന്റെ പുറത്താകലാണ് തോൽവിയിലേക്ക് വഴിതുറന്നത്.

വിരാട് കൊഹ്‌ലി