devaswam
devaswam

തിരുവനന്തപുരം: തിരുവിതാംകൂർ, കൊച്ചി, മലബാർ ദേവസ്വം ബോർഡ് അംഗങ്ങളുടെ ഒഴിവുകളിലേക്കുള്ള തിരഞ്ഞെടുപ്പിനായി യു.ഡി.എഫ്, എൽ.ഡി.എഫ് പ്രതിനിധികളായി എട്ട് പേർ ഇന്നലെ നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചു. 29ന് നിയമസഭാ സമുച്ചയത്തിൽ നടക്കുന്ന വോട്ടെടുപ്പിൽ സഭയിലെ ഹിന്ദു എം.എൽ.എമാരാണ് അംഗങ്ങളെ തിരഞ്ഞെടുക്കേണ്ടത്.

എൽ.ഡി.എഫിൽ നിന്നു കൊച്ചി ദേവസ്വം ബോർഡിലേക്ക് എം.കെ. ശിവരാമൻ (സി.പി.എം), മലബാർ ദേവസ്വം ബോർഡിലേക്ക് നിലവിലെ പ്രസിഡന്റ് ഒ.കെ. വാസു (സി.പി.എം) അംഗം പി.പി. വിമല (സി.പി.ഐ), തിരുവിതാംകൂർ ദേവസ്വം ബോർഡിലേക്ക് അഡ്വ. എൻ. വിജയകുമാർ (സി.പി.എം) എന്നിവരാണ് പത്രിക സമർപ്പിച്ചത്.
യു.ഡി.എഫ് സ്ഥാനാർത്ഥികളായി പടന്നയിൽ പ്രഭാകരൻ, കെ. രാമകൃഷ്ണൻ (മലബാർ), കെ.ജി. രാധാകൃഷ്ണൻ (കൊച്ചി), കെ.പ്രിയംവദ (തിരുവിതാംകൂർ) എന്നിവരും പത്രിക സമർപ്പിച്ചു.
നിയമസഭയിലെ 76 ഹിന്ദു അംഗങ്ങളാണ് വോട്ടർമാർ. ഇതിൽ 63 പേരും എൽ.ഡി.എഫിന്റെയും എൽ.ഡി.എഫിനെ പുറത്ത് നിന്ന് പിന്തുണയ്ക്കുന്നവരോ ആണ്. 13 പേരാണ് യു.ഡി.എഫിനുള്ളത്. ദേവസ്വം ബോർഡ് അംഗങ്ങളുടെ തിരഞ്ഞെടുപ്പിനുള്ള മതപരമായ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ചുള്ള വി.ടി. ബലറാം എം.എൽ.എയുടെ കത്ത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ പരിഗണനയിലുണ്ട്. അംഗങ്ങൾക്ക് വിപ്പ് നൽകിയാൽ ബൽറാമിന് വിട്ടുനിൽക്കാനാവില്ല.

മലബാർ ദേവസ്വത്തിന്റെ നിലവിലെ പ്രസിഡന്റായ ഒ.കെ. വാസുവിനും പി.പി. വിമലയ്ക്കും വീണ്ടും മത്സരിക്കാനുള്ള നിയമതടസ്സം ഒഴിവാക്കാൻ ദേവസ്വം ഭേദഗതി ഓർഡിനൻസ് ഏതാനും നാൾ മുമ്പ് പുറത്തിറക്കിയിരുന്നു. സംസ്ഥാന മുൻ തിരഞ്ഞെടുപ്പു കമ്മിഷണറായ കെ. ശശിധരൻനായരാണ് വരണാധികാരി.