തിരുവനന്തപുരം: പ്രതിസന്ധി തരണം ചെയ്യാൻ നിലവിലെ ബാങ്ക് കൺസോർഷ്യത്തിൽ ആന്ധ്രാബാങ്കിനെക്കൂടി ഉൾപ്പെടുത്തണമെന്ന് കെ.എസ്.ആർ.ടി.സി ആവശ്യപ്പെട്ടു. കുറഞ്ഞ പലിശയിൽ 500 കോടി രൂപ നൽകാൻ ആന്ധ്രാബാങ്ക് സന്നദ്ധമാണ്. നിലവിലെ കൺസോർഷ്യത്തിൽ 900 കോടി രൂപ കെ.ടി.ഡി.എഫ്.സി.യുടേതാണ്. 12.5 ശതമാനം പലിശയാണിതിന്. എന്നാൽ കെ.എസ്.ആർ.ടി.സി 9.20 ശതമാനമാണ് നൽകുന്നത്. ശേഷിക്കുന്ന 3.30 ശതമാനം പലിശ കരാർ പ്രകാരം സർക്കാരാണ് നൽകേണ്ടത്. ആന്ധ്രാബാങ്കിൽ നിന്നും 500 കോടി രൂപ വായ്പ എടുത്താൽ കെ.ടി.ഡി.എഫ്.സിയിലുള്ള കടം 400 കോടിയായി കുറയ്ക്കാൻ കഴിയും. ഈ വിധത്തിൽ പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്ന് എം.ഡി ടോമിൻ തച്ചങ്കരി സർക്കാരിന് നൽകിയ കത്തിൽ പറയുന്നു.