rsp

തിരുവനന്തപുരം : ആർ.എസ്.പി സംസ്ഥാന സമ്മേളനത്തിന് ഇന്ന് വെള്ളയമ്പലം പഞ്ചായത്ത് അസോസിയേഷൻ ഹാളിലെ കെ. പങ്കജാക്ഷൻ നഗറിൽ തുടക്കമാകും. 21-ാം ദേശീയ സമ്മേളനത്തിന് മുന്നോടിയായുള്ള മൂന്ന് ദിവസത്തെ സംസ്ഥാന സമ്മേളനം ഉച്ചകഴിഞ്ഞ് മൂന്നിന് ദേശീയ സെക്രട്ടറി പ്രൊഫ. ടി.ജെ. ചന്ദ്രചൂഡൻ ഉദ്ഘാടനം ചെയ്യും. എ.എ. അസീസ് സെക്രട്ടറിയായി തുടരാൻ നേതൃതലത്തിൽ ധാരണയായി. എന്നാൽ ഇതിൽ ഒരു വിഭാഗം പ്രവർത്തകർക്ക് എതിർപ്പുണ്ടെന്നും സൂചനയുണ്ട്. ഇന്ന് രാവിലെ 10ന് സംസ്ഥാന കമ്മിറ്റി ചേരും. ഉച്ചയ്‌ക്ക് രണ്ടിന് രജിസ്ട്രേഷൻ ആരംഭിക്കും

അഖിലേന്ത്യാ നേതൃത്വം ഇടതുപക്ഷ ഐക്യത്തിന് ഊന്നൽ നൽകുമ്പോൾ കേരള ഘടകം മറിച്ചൊരു നിലപാടിലാണ്. ബംഗാൾ ഘടകം ഇടത് ചേരിയിൽ നിൽക്കണമെന്ന് വാദിക്കുന്നുണ്ട്. എന്നാൽ സംസ്ഥാനങ്ങളിലെ പ്രാദേശിക സാഹചര്യങ്ങൾക്കനുസരിച്ച് നയമാകാമെന്ന് കഴിഞ്ഞ സമ്മേളനം അംഗീകരിച്ച സംഘടനാ രേഖയ്ക്കനുസരിച്ച് നീങ്ങുന്നുവെന്നാണ് കേരള ഘടകത്തിന്റെ നിലപാട്. ദേശീയ തിരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ, ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഭിന്നിച്ച് പോകാതിരിക്കാനുള്ള രാഷ്ട്രീയ അടവ്നയം വേണമെന്നതാണ് നിലപാട്.

ബി.ജെ.പി വിരുദ്ധ മുന്നണിയുടെ നേതൃത്വത്തിൽ പ്രതീക്ഷയർപ്പിക്കുന്നത് കോൺഗ്രസിൽ ആണെന്നതും തങ്ങൾക്കുള്ള അംഗീകാരമായി സംസ്ഥാന നേതൃത്വം വിലയിരുത്തുന്നു. ഇന്ന് സമ്മേളനത്തിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി അവതരിപ്പിക്കുന്ന കരട് രാഷ്ട്രീയപ്രമേയത്തിൽ ഇതിനായിരിക്കും ഊന്നൽ.

സെക്രട്ടറി പദത്തിൽ എ.എ. അസീസ് രണ്ട് ടേം കഴിഞ്ഞതിനാൽ മാറണമെന്ന വാദഗതികളുണ്ട്. എന്നാൽ പകരമാരെന്നത് തർക്കങ്ങളിലേക്ക് നയിക്കുമെന്ന കണക്കുകൂട്ടലാണ് അസീസിൽ തന്നെ വീണ്ടും പ്രതീക്ഷയർപ്പിക്കാൻ നേതൃത്വത്തെ പ്രേരിപ്പിക്കുന്നത്.