തിരുവനന്തപുരം: ആസ്ത്മ, സി.ഒ.പി.ഡി. ചികിത്സകൾക്കുള്ള ശ്വാസ് ക്ലിനിക്കുകൾ മറ്റ് ആശുപത്രികളിൽകൂടി വ്യാപിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ . ലോക സി.ഒ.പി.ഡി. ദിനാചരണം ഉദ്ഘാടനവും ശ്വാസകോശ പുനരധിവാസ കേന്ദ്രത്തിന്റെ ഉദ്ഘാടനവും പുലയനാർകോട്ട നെഞ്ചുരോഗ ആശുപത്രിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ശ്വാസകോശത്തെ ബാധിക്കുന്ന ഗുരുതര രോഗമാണ് സി.ഒ.പി.ഡി. അതുകൊണ്ട് തന്നെ രോഗികളുടെ എണ്ണം കുറച്ചു കൊണ്ടുവരാനുള്ള തീവ്ര ശ്രമത്തിലാണ് സർക്കാർ. ഇതിന്റെ ഭാഗമായാണ് മാതൃകാ ശ്വാസകോശ പുനരധിവാസ കേന്ദ്രം പുലയനാർകോട്ട നെഞ്ചുരോഗ ആശുപത്രിയിൽ തുടങ്ങിയതെന്നും മന്ത്രി പറഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.ആർ.എൽ.സരിത, ഭാരതീയ ചികിത്സ വകുപ്പ് പ്രതിനിധി ഡോ. ജയൻ, കൗൺസിലർ.സിനി വി.ആർ, എൻ.സി.ഡി. കൺട്രോൾ പ്രോഗ്രാം നോഡൽ ഓഫീസർ ഡോ.ബിപിൻ ഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.