തിരുവനന്തപുരം: ചരിത്രബോധമുള്ള ഒരു ജനതയ്ക്കു മാത്രമേ സമൂഹത്തെ മുന്നോട്ടു നയിക്കാനാകൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമി നടൻ സത്യന്റെ സ്മാരകമായി നിർമ്മിച്ച സെന്റർ ഫോർ ഫിലിം റിസർച്ച് ആൻഡ് ആർക്കൈവ്സി(സിഫ്ര)ന്റെ സമർപ്പണ ചടങ്ങ് കഴക്കൂട്ടം കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. നാടിനെ അന്ധകാരത്തിലേക്കു തള്ളിയിടാനും മാനവികത ഇല്ലാതാക്കാനും വിശ്വാസത്തിന്റെ പേരിൽ മനുഷ്യരെ ഭിന്നിപ്പിക്കാനുമുള്ള ബോധപൂർവമായ ശ്രമങ്ങളാണ് നടക്കുന്നത്. ഇതിനെതിരെ കലയിലൂടെയും സിനിമയിലൂടെയും പ്രതിരോധം തീർക്കണം. മേലാള, കീഴാള ജാതി വ്യവസ്ഥയെയും അന്ധവിശ്വാസങ്ങളെയും ചോദ്യം ചെയ്യാനും വേദനിക്കുന്നവനു വേണ്ടി നിലകൊള്ളാനും മലയാള സിനിമയ്ക്ക് കഴിഞ്ഞുവെന്നും ആ പാരമ്പര്യം തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി എ.കെ. ബാലൻ അദ്ധ്യക്ഷനായിരുന്നു. മന്ത്രിമാരായ ഇ.പി. ജയരാജൻ, കടകംപള്ളി സുരേന്ദ്രൻ, മേയർ വി.കെ. പ്രശാന്ത്, നടൻ മധു, ശ്രീകുമാരൻ തമ്പി, ചലച്ചിത്ര അക്കാഡമി സെക്രട്ടറി കമൽ, അക്കാഡമി ഉപാദ്ധ്യക്ഷ ബീനാപോൾ, സെക്രട്ടറി മഹേഷ് പഞ്ചു, കൗൺസിലർ ബിന്ദു, കെ.എ. സന്തോഷ്‌കുമാർ തുടങ്ങിയവർ സംബന്ധിച്ചു.