തിരുവനന്തപുരം: നിറുത്തിയിട്ട കാറിലിരുന്ന യുവതീയുവാക്കളെ ഭീഷണിപ്പെടുത്തി പണവും സ്വർണവും മൊബൈൽ ഫോണും അപഹരിക്കുന്ന സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. വെയിലൂർ ചെമ്പകമംഗലം രാഗം കല്യാണ മണ്ഡപത്തിന് സമീപം വിളയിൽ വീട്ടിൽ വിപിൻ എന്ന മനു (36), ആറ്റുകാൽ ക്ഷേത്രത്തിന് സമീപം എം.എസ്.കെ നഗറിൽ ടി.സി 41 / 1441 ൽ താമസിക്കുന്ന അനീഷ് (24) എന്നിവരെയാണ് പേട്ട പൊലീസ് പിടികൂടിയത്. തിരുവല്ലം -കഴക്കൂട്ടം ബൈപാസിലെ തിരക്കൊഴിഞ്ഞ സ്ഥലങ്ങളും സർവീസ് റോഡുകളിലെ ആളൊഴിഞ്ഞ ഭാഗങ്ങളിലും വാഹനം പാർക്ക് ചെയ്യുന്ന യുവതീ യുവാക്കളെയാണ് സംഘം ലക്ഷ്യം വയ്ക്കുന്നത്. കാറിലെത്തുന്നവരെ രണ്ടാം പ്രതി അനീഷ് കണ്ടെത്തി വണ്ടി നമ്പരും ലൊക്കേഷനും ഒന്നാം പ്രതി വിപിനെ വാട്സാപ്പിലൂടെ അറിയിക്കും. തുടർന്ന് വിപിൻ തന്റെ ആട്ടോറിക്ഷയിൽ സ്ഥലത്തെത്തി നാട്ടുകാരെ വിളിച്ചുകൂട്ടുമെന്നും പൊലീസിൽ അറിയിക്കുമെന്നും ഭീഷണിപ്പെടുത്തിയശേഷം ഇവരുടെ പണവും എ.ടി.എം കാർഡും സ്വർണവും പിടിച്ചുപറിക്കുകയാണ് ഇവരുടെ രീതി. പണം കിട്ടാത്തവരുടെ വീഡിയോ എടുത്തശേഷം ഫോൺ നമ്പർ വാങ്ങി ബ്ലാക്ക്മെയിൽ നടത്തി ഇരുപതോളം തട്ടിപ്പുകളാണ് ഇവർ നടത്തിയിട്ടുള്ളത്. പിടിയിലായ അനീഷിൽ നിന്നു കിട്ടിയ വിവരം അനുസരിച്ചാണ് വിപിനെ കിംസ് ആശുപത്രിക്ക് സമീപം വച്ച് പൊലീസ് പിടികൂടിയത്. ഇയാളുടെ കൈയിൽ നിന്നു 15 മെമ്മറി കാർഡും 30 സിം കാർഡും 4 മൊബൈൽ ഫോണും പിടിച്ചെടുത്തു. സിറ്റി ജില്ലാ പൊലീസ് മേധാവി പി.പ്രകാശിന്റെ നിർദ്ദേശാനുസരണം ഡി.സി.പി ആദിത്യ, ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണർ ഷാനിഖാൻ എന്നിവരുടെ നേതൃത്വത്തിൽ പേട്ട സ്റ്റേഷൻ ഹൗസ് ഓഫീസർ സജുകുമാർ .ജി.പി, എസ്.ഐ വിനോദ് വിക്രമാദിത്യൻ, എസ്.സി.പി.ഒ സന്തോഷ്, സി.പി.ഒ മാരായ ഉദയകുമാർ, ജയദേവൻ, ബിജു, സുരേഷ്, ശ്യാം,രഞ്ജിത് എന്നിവരാണ് പ്രതികളെ പിടികൂടിയത്.