വനിതാ ലോകകപ്പ് ട്വന്റി 20 സെമിഫൈനലിൽ
ഇന്ത്യ ഇംഗ്ളണ്ടിനെ നേരിടുന്നു
. മത്സരം നാളെ വെളുപ്പിന് 5.30ന്
. കഴിഞ്ഞ ലോകകപ്പിലെ ഫൈനൽ തോൽവിക്ക് കണക്കുതീർക്കാൻ ഇന്ത്യയിറങ്ങുന്നു
ആന്റിഗ്വ : കഴിഞ്ഞവർഷം ഏകദിന ലോകകപ്പിനും ഇന്ത്യൻ ചുണ്ടിനുമിടയിൽ കയറിനിന്നവരാണ് ഇംഗ്ളണ്ടുകാരികൾ. ഇത്തവണ ട്വന്റി 20 ലോകകപ്പിന്റെ സെമിഫൈനലിൽത്തന്നെ ഇന്ത്യയ്ക്ക് നേരിടേണ്ടത് ഇതേ വൈരികളെ. പോയവർഷത്തെ നഷ്ടത്തിന് പകരംവീട്ടാനുള്ള സുവർണാവസരം. ഇന്ത്യൻസമയം നാളെ വെളുപ്പിന് 5.30നാണ് ഇന്ത്യയും ഇംഗ്ളണ്ടും തമ്മിലുള്ള ട്വന്റി 20 ലോകകപ്പ് സെമിഫൈനൽ മത്സരം ആന്റിഗ്വയിൽ നടക്കുന്നത്.
കഴിഞ്ഞവർഷം നടന്ന ഏകദിന ലോകകപ്പ് ഫൈനലിൽ ഒൻപത് റൺസിനായിരുന്നു ഇംഗ്ളണ്ട് വനിതകൾ ഇന്ത്യൻ കിരീടപ്രതീക്ഷകൾ തച്ചുടച്ചത്. ആ തോൽവിക്ക് പകരംവീട്ടാനാകുമെന്ന് ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകുന്നത് ഇൗ ടൂർണമെന്റിൽ ഇതുവരെ കാഴ്ചവച്ച പ്രകടനങ്ങളാണ്. നിലവിലെ ഏകദിന ചാമ്പ്യൻമാരാണ് ഇംഗ്ളണ്ടെങ്കിലും തിരിച്ചടിക്കാനുള്ള അവസരം പാഴാക്കില്ലെന്നുറപ്പിച്ചാണ് ഹർമൻ പ്രീത് കൗറും കൂട്ടരും കളത്തിലിറങ്ങുന്നത്.
ഗ്രൂപ്പ് റൗണ്ടിലെ എല്ലാ മത്സരങ്ങളും ജയിച്ചവരെന്ന ആത്മവിശ്വാസമാണ് ഇന്ത്യയുടെ കരുത്ത്. വനിതാ ക്രിക്കറ്റിലെ ശക്തി...............
ന്യൂസിലൻഡിനെയും ആസ്ട്രേലിയയെയും കീഴടക്കാൻ കഴിഞ്ഞത് ഇന്ത്യയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. മറുവശത്ത് ശ്രീലങ്കയുമായുള്ള ആദ്യമത്സരം ഒറ്റ പന്തുപോലുമെറിയാനാകാതെ ഉപേക്ഷിക്കേണ്ട ഇംഗ്ളണ്ടിന് വെസ്റ്റ് ഇൻഡീസിനെതിരെ അവസാന മത്സരത്തിൽ തോൽക്കേണ്ടിയും വന്നു. ബംഗ്ളാദേശിനും ദക്ഷിണാഫ്രിക്കയ്ക്കും എതിരെയായിരുന്നു വിജയങ്ങൾ.
പരിചയ സമ്പന്നരായ മിഥാലി രാജ്, ഹർമൻ പ്രീത് കൗർ, സ്മൃതി മന്ദാന എന്നിവരുടെ ബാറ്റിംഗാണ് ഇന്ത്യയുടെ കരുത്ത്.
ടൂർണമെന്റിലെ ആദ്യമത്സരത്തിൽ സെഞ്ച്വറിയടിച്ച ഹർമൻപ്രീതിനെ പിന്നാലെ രണ്ട് മത്സരത്തിൽ തുടർച്ചയായി അർദ്ധസെഞ്ച്വറി നേടി മിഥാലിയും മികവ് കാട്ടിയിരുന്നു. സ്മൃതി മന്ദാന ആസ്ട്രേലിയയ്ക്കെതിരായ മത്സരത്തിലാണ് ഫോം വീണ്ടെടുത്തത്. ഇതുവരെ 167 റൺസ് നേടിക്കഴിഞ്ഞ ഹർമൻ പ്രീതാണ് ടൂർണമെന്റിലെ ടോപ് സ്കോറർ. ബൗളിംഗിൽ ലെഗ് സ്പിന്നർ പൂനം യാദവും ലെഫ്റ്റ് ആംസ്‌പിന്നർ രാധായാദവുമാണ് ഇന്ത്യൻ പ്രതീക്ഷകൾ. പൂനം ഇതുവരെ എട്ടുവിക്കറ്റും രാധ ഏഴ് വിക്കറ്റും നേടിക്കഴിഞ്ഞു. ദീപ്തി ശർമ്മ, ഹേമലത ദയാളൻ എന്നീ ഒഫ് സ്പിന്നർമാരും മികവ് കാട്ടുന്നു.
പേസ് ബൗളിംഗാണ് ഇംഗ്ളണ്ടിന്റെ ശക്തി. അന്യഷ്‌റുബ്സോളെ, നതാലി സ്കൈവർ എന്നിവരാണ് ഇംഗ്ളണ്ട് പേസ് ബാറ്ററികൾ. ബാറ്റിംഗിൽ ഡാനിവ്യാറ്റ്, ക്യാപ്ടൻ ഹീതർ നൈറ്റ് എന്നീ പരിചയ സമ്പന്നരുമുണ്ട്.
ഫൈനലിലേക്കുള്ള വഴി
ഇന്ത്യ
1. ന്യൂസിലൻഡിനെതിരെ 34 റൺസ് ജയം
2. പാകിസ്ഥാനെതിരെ ഏഴ് വിക്കറ്റ് വിജയം
3. അയർലൻഡിനെതിരെ 52 റൺസ് ജയം
4. ആസ്ട്രേലിയയ്ക്കെതിരെ 48 റൺസ് ജയം
ഇംഗ്ളണ്ട്
1. ശ്രീലങ്കയ്ക്കെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചു.
2. ബംഗ്ളാദേശിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചു
3. ദക്ഷിണാഫ്രിക്കയെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചു.
4. വിൻഡീസിനോട് നാല് വിക്കറ്റ് തോൽവി.