ബംഗാളിനെതിരെയും സെഞ്ച്വറി
നേടി ജലജ് സക്‌സേന
കേരളത്തിന് 144 റൺസ് ലീഡ്
കൊൽക്കത്ത : തുമ്പയിൽ ആന്ധ്രയ്ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ സെഞ്ച്വറിയും വിക്കറ്റ് ലബ്ധിയും കൊണ്ട് ആറാടിയ ജലജ് സക്‌സേന കൊൽക്കത്തയിൽ ബംഗാളിനെതിരെ നടക്കുന്ന മത്സരത്തിലും കേരളത്തിന് ലീഡ് നേടിത്തന്നു.
രഞ്ജി ട്രോഫിയിലെ കരുത്തൻമാരായ ബംഗാളിനെതിരെ 144 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് നേടാൻ കേരളത്തെ സഹായിച്ചത് ജലജിന്റെ (143) തകർപ്പൻ സെഞ്ച്വറിയാണ്. ആദ്യ ഇന്നിംഗ്സിൽ ബംഗാളിനെ 147 റൺസിന് കേരളം ആൾ ഒൗട്ടാക്കിയിരുന്നു. തുടർന്ന് ബാറ്റിംഗിനിറങ്ങിയ കേരളം രണ്ടാംദിവസമായ ഇന്നലെ 291 നാണ് ആൾ ഒൗട്ടായത്. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗാൾ രണ്ടാംദിനം കളിനിറുത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ അഞ്ച് റൺസെടുത്തിട്ടുണ്ട്. കേരളം ഇപ്പോൾ 139 റൺസ് മുന്നിലാണ്.
ഇന്നലെ 35/1 എന്ന നിലയിൽ ഒന്നാം ഇന്നിംഗ്സ് പുനാരാരംഭിച്ച കേരളത്തിനായി ഏറെക്കുറെ ജലജ് ഒറ്റയാൻ പോരാട്ടം നടത്തുകയായിരുന്നു. അരുൺ കാർത്തിക് (1), രോഹൻപ്രേം (18), സഞ്ജു സാംസൺ (0), സച്ചിൻ ബേബി (23) , സൽമാൻ നിസാർ (5) എന്നിവർ പുറത്തായപ്പോൾ കേരളം 114/5 എന്ന നിലയിലായിരുന്നു.
എന്നാൽ തുടർന്ന് വി. എ. ജഗദീഷ് (39), അക്ഷയ് ചന്ദ്രൻ (32 നോട്ടൗട്ട്) എന്നിവർ കൂട്ടുനിറുത്തി ജലജ് 250 കടത്തി.
190 പന്തുകൾ നേരിട്ട ജലജ് 21 ബൗണ്ടറികളും രണ്ട് സിക്സുകളുമാണ് പായിച്ചത്. ഇതിൽ ആസ്ട്രേലിയൻ പര്യടനത്തിലെ ടെസ്റ്റ് ടീമിലുള്ള ഇന്ത്യൻ പേസർ മുഹമ്മദ് ഷമിക്കെതിരായ സിക്സും ഉൾപ്പെടുന്നു. പരിക്ക് പറ്റാതിരിക്കാൻ 45 ഒാവർ മാത്രമേ എറിയാവൂ എന്ന് നിർദ്ദേശമുണ്ടായിരുന്നുവെങ്കിലും ഷമി എറിഞ്ഞത് 26 ഒാവറുകളാണ്. മൂന്ന് വിക്കറ്റുകളും ഷമി വീഴ്ത്തി. മീഡിയം പേസർ ഇഷാൻ പോരെൽ നാല് വിക്കറ്റ് വീഴ്ത്തി.
രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ബംഗാളിന് കെ.ബി.ഘോഷിന്റെ (1) വിക്കറ്റാണ് നഷ്ടമായത്. സന്ദീപിനാണ് വിക്കറ്റ്.