തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവിധി സൃഷ്ടിച്ച സംഘർഷാവസ്ഥ തുടർന്നാൽ വ്യാപാരമേഖലയിൽ മാത്രം സംസ്ഥാനം നേരിടേണ്ടിവരുന്നത് 10,000 കോടി രൂപയുടെ നഷ്ടം. സാമ്പത്തിക വിദഗ്ദ്ധർ നൽകുന്ന സൂചനയാണിത്. സീസണിൽ മാത്രം വീടുകളും വഴിയോരങ്ങളും കേന്ദ്രമാക്കി നടത്തുന്ന കച്ചവടങ്ങൾ കൂടി കണക്കാക്കിയാൽ നഷ്ടം ഇതിലുമേറും.
പൂവും വ്രതമാലയും കർപ്പൂരവും തുടങ്ങി ഹോട്ടലുകളിലെയും ട്രാവൽസുകളിലെയും ഇടപാടു വരെ ഗ്രാൻഡ് ട്രേഡ് ഫെസ്റ്റിവലായാണ് മണ്ഡലകാലത്തെ കാണുന്നത്. 63 ദിവസത്തിനുള്ളിൽ മൂന്നര കോടിയിലേറെ തീർത്ഥാടകരാണ് പൂങ്കാവനത്തിലെത്തുന്നത്. ഇതിൽ മൂന്ന് കോടിയിൽപരം ഭക്തർ ശബരിമലമാത്രം സന്ദർശിച്ച് മടങ്ങുന്നവരല്ല. ഒരാൾ സംസ്ഥാനത്ത് തങ്ങുന്ന മൂന്ന് ദിവസത്തിൽ ശരാശരി 3500 മുതൽ 5000 രൂപ വരെ ചെലവിടുമെന്നാണ് സി.ഡി.എസ് നടത്തിയ പഠനത്തിലുള്ളത്. ഇത് കണക്കാക്കിയാൽ 15,000 കോടി രൂപയുടെ ഇടപാടിലെത്തും.
25 കോടിയിലേറെ രൂപയുടെ ഹൽവയും ചിപ്സുമാണ് കോഴിക്കോട് അങ്ങാടിയിൽ നിന്ന് മാത്രം സീസൺ കച്ചവടം. ചന്ദനത്തിരി, കർപ്പൂരം തുടങ്ങി പൂജാദ്രവ്യങ്ങൾ വേറെ. പെട്രോൾ, ഡീസൽ വില്പനയും വാഹനവാടകയും ഉൾപ്പെടെ മറ്റ് അനുബന്ധമേഖലയിലെ നഷ്ടം ഇതിനുപുറമെയാണ്. അഞ്ച് ലക്ഷത്തോളം സ്വകാര്യ, ട്രാവൽസ് വാഹനങ്ങളാണ് മണ്ഡലകാലത്ത് പമ്പയിലെത്തുക. നിലവിലെ സ്ഥിതി തുടർന്നാൽ ഇതെല്ലാം മൂന്നിലൊന്നായി ചുരുങ്ങും.
ഒൻപത് മാസത്തെ വ്യാപാരത്തിന്റെ അഞ്ച് മടങ്ങാണ് മണ്ഡലസീസണിൽമാത്രം നടക്കുന്നതെന്നാണ് വ്യാപാരിവ്യവസായി സംഘടനാ പ്രതിനിധികൾ വ്യക്തമാക്കുന്നത്. തിരുവിതാംകൂർ ദേവസ്വംബോർഡും ഓരോ വർഷവും കഴിഞ്ഞുപോരുന്നത് ശബരിമല സീസൺ വരുമാനത്തെ ആശ്രയിച്ചാണ്. 155 കോടിയുടെ നടവരവും ബോർഡിന് കീഴിലുളള വിവിധ ക്ഷേത്രങ്ങളിലായി 100 കോടിയുടെ ഇതര വരവുമാണ് ലഭിച്ചിരുന്നത്. ബോർഡിന് കീഴിലുള്ള 1248 ക്ഷേത്രങ്ങളിൽ 90 ശതമാനവും നിലനിൽക്കുന്നതും ശബരിമലയെ ആശ്രയിച്ചാണ്.
മണ്ഡലകാലത്തെ വില്പന
ദോത്തി മുണ്ട് :ആറു കോടി
വ്രതമാല: നാലു കോടി
തേങ്ങ: 35000 ടൺ ,
നെയ്യ് :28000 ടൺ ലിറ്റർ
പമ്പയിൽ എത്തുന്ന വാഹനങ്ങൾ
1985- 70,043
1994 - 1,32,721
2004 - 2,65,177
2017 - 4,76,232
കഴിഞ്ഞ 6 ദിവസത്തിനുള്ളിൽ നിലയ്ക്കലിലെത്തിയത് 6500 വാഹനങ്ങൾ. മണ്ഡലകാലത്ത് ഒരു ദിവസം എത്തുന്നതിനെക്കാൾ കുറവാണിത്.
''മണ്ഡലകാലം ചതിച്ചാൽ സംസ്ഥാനത്തിന്റെ വരുമാനത്തെ ബാധിക്കില്ല. എന്നാൽ, ജനങ്ങളുടെ ഉപജീവനം, വാണിജ്യം, വ്യാപാരം എന്നിവയെ പ്രതികൂലമായി ബാധിക്കും. മഹാപ്രളയത്തിനുശേഷമുള്ള പുനരുജ്ജീവനത്തിന് അത് വലിയ തിരിച്ചടിയാകും.
-ടി.എം. തോമസ് ഐസക്, ധനമന്ത്രി
''ദർശനത്തിനെത്താതെ മുംബയിൽ നിന്നുള്ള 110 അംഗ സംഘം മടങ്ങിപ്പോയത് വലിയ തിരിച്ചടിയാണ്. അത് കേരളത്തിന്റെ ബ്രാൻഡ് പ്രൊമോഷനെ പ്രതികൂലമായി ബാധിക്കും. പ്രത്യേകിച്ച് ടൂറിസം മേഖലയിൽ. മണ്ഡല തീർത്ഥാടനകാലത്തുണ്ടാകുന്ന വ്യാപാര ഇടപാടുകളിൽ 70 ശതമാനവും ഇടത്തരം, ചെറുകിട മേഖലയിലാണ്. അതിനാണ് തകർച്ചയുണ്ടാകുന്നത്.
-ഡോ. നാരായണ, ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട്