road-

കിളിമാനൂർ: സ്വകാര്യ വ്യക്തികൾ പ്രതിഷേധവുമായി രംഗത്തെത്തിയത് റോഡ് വികസനം ത്രിശങ്കുവിലാക്കി. എം.സി റോഡിലെ പുളിമാത്ത് ജംഗ്ഷനിൽ നിന്നാരംഭിച്ച് കടമുക്ക് വഴി പൊരുന്തമൺ ജംഗ്ഷനിൽ എത്തിച്ചേരുന്ന നാല് കിലോമീറ്റർ റോഡ് അന്താരാഷ്ട്ര നിലവാരത്തിൽ പുനരുദ്ധരിക്കുന്നതിന്റെ പണിയാണ് തടസപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വർഷം മാർച്ചിലാണ് റോഡിന്റെ പണി ആരംഭിച്ചത്. ഒരു വർഷമായിരുന്നു നിർമ്മാണം പൂർത്തിയാക്കാനുള്ള കാലാവധി. ഇതിൽ പുളിമാത്ത് ജംഗ്ഷൻ മുതൽ കടമുക്ക് വരെയുള്ള രണ്ടര കിലോമീറ്ററോളം ദൂരം പണി പൂർത്തിയാക്കി ടാർ ചെയ്തിട്ടുണ്ട്. കടമുക്ക് മുതൽ പൊരുന്തമൺ ജംഗ്ഷൻ വരെയുള്ള ഒന്നര കിലോമീറ്റർ ഭാഗം രണ്ട് ലെയർ മെറ്റലിംഗും നടത്തിക്കഴിഞ്ഞു. ഇനി ഒരു ലെയർ മെറ്റലിംഗും ടാറിംഗുമാണ് നടത്തേണ്ടത്. പൊരുന്തമൺ ജംഗ്ഷനിൽ നിന്ന് മുന്നൂറ് മീറ്റർ ഭാഗം പഴയ എം.സി റോഡാണ്. ഇവിടെയാണ് റോഡ് കൈയേറ്റം നടന്നിരിക്കുന്നതെന്ന പരാതിയുള്ളത്. 14 മീറ്ററോളം വീതിയുണ്ടായിരുന്ന പഴയ റോഡ് സ്വകാര്യ വ്യക്തികൾ കൈയടക്കി മതിലുകൾ കെട്ടിയതിനാൽ നിലവിൽ ഏഴ് മീറ്റർ വീതി പോലും ഈ ഭാഗത്ത് ഇല്ല. കരാർ പ്രകാരം 8 മീറ്റർ വീതിയിലാണ് റോഡ് നിർമ്മിക്കേണ്ടത്. അതിനാൽ പൊരുന്തമൺ ജംഗ്ഷൻ മുതലുള്ള ഭാഗത്ത് നിർമ്മാണ പ്രവർത്തനം നടത്താൻ കഴിയാത്ത അവസ്ഥയാണ്. സ്വകാര്യ വ്യക്തികൾ കൈയേറിയ ഭൂമി അധികൃതർ ഏറ്റെടുത്ത് എത്രയും പെട്ടെന്ന് റോഡ് നിർമ്മാണം പൂർത്തിയാക്കിയില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.