പാറശാല: തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കടത്തികൊണ്ടു വന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ട് പേരെ അരവിള എക്സൈസ് റെയ്ഞ്ച് സംഘം പിടികൂടി. ബാലരാമപുരം ഏരിത്താവൂർ ഗോപിക ഭവനത്തിൽ ഷാജികുമാർ (40), ഏരിത്താവൂർ, റസൽപുരം റോഡരികത്ത് കടയാറ പുത്തൻവീട്ടിൽ പത്മകുമാർ (40) എന്നിവരാണ് പിടിയിലായത്. കേരള അതിർത്തിയിൽ നിന്നും വാങ്ങി ബാലരാമപുരത്ത് വിവിധ കടകളിലേക്ക് ചില്ലറ വിൽപ്പനക്കായി എത്തിച്ച 30 കിലോ നിരോധിത പുകയില ഉത്പന്നങ്ങളാണ് അമരവിളയ്ക്ക് സമീപം കണ്ണൻ കുഴി ജംഗ്ഷനിലെ വാഹന പരിശോധനക്കിടെ പ്രതികളിൽനിന്ന് പിടികൂടിയത്. എസ്.ഐ.സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ അസി: എക്സെസ് ഇൻസ്പക്ടർ ജയകുമാർ, സി.ഒ ജസ്റ്റിൻ രാജ്, സി.പി.ഒമാരായ അഭിജിത്ത്, ജിനേഷ് എന്നിവരുടെ സംഘമാണ് പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. ഇവരെ ഇന്ന് നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.