കണ്ണൂർ: കൗമാര ചിന്തകളും ശാസ്ത്രഭാവനകളും ഒന്നിക്കുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ കണ്ണൂരിൽ തുടക്കമാകും. പ്രളയദുരന്തത്തെ തുടർന്ന് മുൻകാലങ്ങളിലെ പൊലിമ മാറിനിൽക്കുമെങ്കിലും മഹാപ്രളയങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗങ്ങളിലുൾപ്പെടെ നിർദ്ദേശങ്ങളുമായി വിദ്യാർത്ഥി പ്രതിഭകൾ എത്തുമ്പോൾ ഇതിന് നിറഞ്ഞ കൈയടിലഭിക്കുമെന്നുറപ്പാണ്. 5584 കുട്ടികളും 150ലധികം അദ്ധ്യാപകരുമാണ് മൂന്നുദിവസങ്ങളിലായി നടക്കുന്ന വിവിധ മത്സരങ്ങൾക്കായി എത്തുന്നത്.
അഞ്ചുവേദികളിലായാണ് ശാസ്ത്ര-ഗണിത- പ്രവൃത്തിപരിചയ-സാമൂഹ്യശാസ്ത്ര- ഐ.ടി മേള നടക്കുന്നത്. സെന്റ് തേരേസാസ് ഹയർസെക്കൻഡറി സ്കൂൾ, ചൊവ്വ ഹയർസെക്കൻഡറി സ്കൂൾ, എളയാവൂർ സി.എച്ച്.എം ഹയർസെക്കൻഡറി സ്കൂൾ, സെന്റ് മൈക്കിൾസ് ആംഗ്ളോ ഇന്ത്യൻ ഹയർസെക്കൻഡറി സ്കൂൾ എന്നിവയാണ് പ്രധാനവേദികൾ.
പരമാവധി ചെലവുചുരുക്കി നടക്കുന്ന മേളയിൽ യു.പി വിഭാഗം മത്സരങ്ങളില്ല. ഉദ്ഘാടന സമാപന ചടങ്ങുകളും ഒഴിവാക്കിയിട്ടുണ്ട്. സെന്റ് മൈക്കിൾസ് സ്കൂളിൽ മാത്രമാണ് പന്തൽ ഒരുക്കിയിരിക്കുന്നത്. ടി.വി രാജേഷ് എം.എൽ.എ ചെയർമാനും കെ.കെ പ്രകാശൻ കൺവീനറുമായ സംഘാടക സമിതിയാണ് ഒരുക്കങ്ങൾ നടത്തുന്നത്. മേളയോടനുബന്ധിച്ച് വൊക്കേഷണൽ സ്കൂൾ വിദ്യാർത്ഥികൾ നിർമ്മിച്ച ഉത്പന്നങ്ങളുടെ പ്രദർശനവും വിൽപനയും ശനിയാഴ്ച രാവിലെ മുതൽ മുനിസിപ്പൽ സ്കൂൾ ജൂബിലി ഹാളിൽ നടത്തും.
ശാസ്ത്ര മേള രജിസ്ട്രേഷൻനാളെ രാവിലെ ആരംഭിക്കും. ഉച്ചയ്ക്ക് 2ന് ബർണശേരി സെന്റ് തേരേസാസ് ഹയർസെക്കൻഡറി സ്കൂളിൽ ക്വിസ് മത്സരം. 24, 25 തീയതികളിൽ മത്സരങ്ങളും പ്രദർശനവും.