തിരുവനന്തപുരം: നഗരത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഇന്ന് മുതൽ പുതിയ കൺട്രോൾ റൂം വാഹനവും സേവനത്തിനെത്തും. നഗരത്തിലെ 21 പൊലീസ് സ്റ്റേഷനുകളിലേക്കുമായി 23 പുതിയ കെ.യു വി.100 വാഹനങ്ങളാണ് എത്തിച്ചിരിക്കുന്നത്. കഴക്കൂട്ടം, മ്യൂസിയം പൊലീസ് സ്റ്റേഷനുകൾക്ക് രണ്ട് കെ.യു.വി വാഹനങ്ങൾ വീതം അനുദവിച്ചിട്ടുണ്ട്.

നഗരത്തിന്റെ ഏത് ഭാഗത്തും ഏത് സാഹചര്യത്തിലും പൊലീസിന്റെ അടിയന്തരസേവനം ലഭ്യമാക്കുന്നതിനാണിത്. പൊലീസ് സ്റ്റേഷനുകളിലെ ജീപ്പുകൾ കൂടാതെയാണ് പുതിയ സംവിധാനം. കൺട്രോൾറൂം അസി. കമ്മിഷണർ സുരേഷ് കുമാറിനാണ് കൺട്രോൾ റൂം വാഹനങ്ങളുടെ ചുമതല. ക്രമസമാധാന പ്രശ്നങ്ങൾ, കവർച്ച, അപകടങ്ങൾ തുടങ്ങിവ ഉണ്ടായാൽ അടിയന്തര ഘട്ടത്തിൽ പൊലീസ് പറന്നെത്താൻ ഇത് സഹായകമാണ്.പഴയ ജീപ്പുകൾക്ക് പകരം പുതുപുത്തൻ വാഹനങ്ങളെത്തിയതോടെ നഗരത്തിൽ പട്രോളിംഗും നിരീക്ഷണവും കൂടുതൽ ശക്തമാകും. പുതിയ വാഹനങ്ങൾ ഇന്ന് മുതൽ സ്റ്റേഷനുകളിൽ ഓടി തുടങ്ങും.