photo

ബാലരാമപുരം: സംസ്ഥാന ഹരിതമിഷന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി ശുചിത്വമിഷനുമായി ചേർന്ന് ബാലരാമപുരം പഞ്ചായത്ത് വാർഡ് തലത്തിൽ നടപ്പാക്കുന്ന പ്ലാസ്റ്റിക് ശേഖരണ പദ്ധതിയുടെ ആദ്യഘട്ടം വിജയത്തിലേക്ക്. വാർഡ് തലത്തിൽ പ്ലാസ്റ്റിക് മാലിന്യം വീടുകളിലെത്തി ശേഖരിക്കുന്നതിന് രണ്ട് പേരടങ്ങിയ ഹരിതകർമ്മസേന പ്രവർത്തകരെയാണ് നിയോഗിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് കവറുകൾ കഴുകി വൃത്തിയാക്കി സൂക്ഷിക്കണമെന്ന് പഞ്ചായത്ത് ഓരോ വീട്ടുകാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ബാലരാമപുരം പഞ്ചായത്തിൽ പ്ലാസ്റ്റിക് ശേഖരണശാലയുടെ പ്രവർത്തനങ്ങൾ തടസപ്പെട്ടതിനാൽ പഞ്ചായത്തിനോട് ചേർന്നുള്ള സ്ഥലത്താണ് പ്ലാസ്റ്റിക്കുകൾ ശേഖരിക്കുന്നത്. സംസ്ഥാന ജൈവവൈവിദ്ധ്യബോർഡിന്റെയും ഹരിതമിഷന്റെയും പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ കമ്പോളസ്ഥാപനങ്ങളിൽ പ്ലാസ്റ്റിക് ഉപയോഗത്തിന് സർക്കാർ നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പരിശോധന കർശനമാക്കാത്തതിനാൽ 50 മൈക്രോണിന് താഴെയുള്ള പ്ലാസ്റ്റിക് കവർ ഉത്പന്നങ്ങളുടെ ഉപയോഗം വർദ്ധിച്ചുവരുന്നുണ്ട്.

 പഞ്ചായത്തിലെ 20 വാർഡുകളിലെ ഹരിതകർമ്മസേന പ്രവർത്തകർ സ്വരൂപിച്ച ആറ് ടൺ പ്ലാസ്റ്റിക് മാലിന്യം കയറ്റി അയച്ചു.

 റീസൈക്ലിംഗ് ചെയ്യുന്നത് സ്വകാര്യ ഏജൻസി.

 വീടുകളിലെത്തി ശേഖരിക്കുന്നത് 2 പേരടങ്ങിയ ഹരിതകർമ്മസേന പ്രവർത്തകർ.

 20 രൂപ ഓരോ വീടുകളിൽ നിന്നും വാങ്ങി പ്ലാസ്റ്റിക് ശേഖരിക്കുന്നു.

 പ്ലാസ്റ്റിക് ശേഖരണശാലയ്ക്ക് 15 ലക്ഷം രൂപ പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ടെങ്കിലും ചില പ്രാദേശിക എതിർപ്പുകൾ നിലനിൽക്കുന്നതിനാൽ കെട്ടിടനിർമ്മാണം തടസപ്പെട്ടിരിക്കുകയാണ്.