kshemanidhi-board

 തൊഴിലാളി ശ്രേഷ്ഠ അവാർഡുകൾ വരുന്നു

തിരുവനന്തപുരം: 16 ക്ഷേമനിധി ബോർഡ‌ുകളെ ഒൻപതായി കുറച്ച് പുനഃസംഘടിപ്പിച്ചതായി മന്ത്രി ടി.പി. രാമകൃഷ്ണൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചില ബോർഡുകളെ ലയിപ്പിച്ചു. ഭരണച്ചെലവ് കുറയ്ക്കാനും ആനുകൂല്യങ്ങൾ ഉയർത്താനുമാകും. ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

26 മേഖലകളിലെ മിനിമം കൂലി പുതുക്കി നിശ്ചയിച്ചു. മറ്റ് മേഖലകളിൽ കൂലി ഉയർത്താനുള്ള നടപടിസ്വീകരിച്ചു വരികയാണ്. മിനിമം കൂലി 600 രൂപയാക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു.

ചുമട്ടു തൊഴിലാളി,​ നിർമാണ,​ കള്ള് ചെത്ത്,​ മരം കയറ്റം,​ നഴ്സ്,​ തയ്യൽ,​ കയർ,​ മോട്ടോർ,​ ഗാർഹിക,​ കശുഅണ്ടി,​ തോട്ടം,​ സെയിൽസ് മാൻ,​ സെക്യൂരിറ്റി ഗാർഡ് എന്നീ വിഭാഗങ്ങളിൽ തൊഴിലാളി ശ്രേഷ്ഠ അവാർഡ് ഏർപ്പെടുത്തും. ജില്ലാ ലേബർ ഓഫീസുകളെ മാതൃകാ ജനസേവന കേന്ദ്രങ്ങളാക്കും.

പ്ളാന്റേഷൻ മേഖലയ്ക്കായി പ്രത്യേക നയം കൊണ്ടുവരും. അടച്ചുപൂട്ടിയ എം.എം.ജെ, പീരുമേട്, ബോണക്കാട് തോട്ടങ്ങൾ തുറന്ന് പ്രവർത്തിപ്പിക്കും. ടോഡി ബോർഡ്, അബ്കാരി നിയമഭേദഗതി എന്നിവ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കും.

9 ബോർഡുകൾ

1) കെട്ടിട നിർമാണത്തൊഴിലാളി ക്ഷേമനിധി ബോർഡ് (ഇതര സംസ്ഥാന തൊഴിലാളികളെ ലയിപ്പിച്ചു)

2) ചുമട്ടു തൊഴിലാളി ക്ഷേമനിധി

3) മോട്ടോർ തൊഴിലാളി ക്ഷേമനിധി

4) കശുഅണ്ടി ആശ്വാസ തൊഴിലാളി ക്ഷേമനിധി

5) കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി (അബ്കാരി തൊഴിലാളി ബോർഡിനെ ലയിപ്പിച്ചു)

6) ഷോപ്പ്സ് ആൻഡ് കൊമേഴ്സ്യൽ എസ്‌റ്റാബ്ളിഷ്‌മെന്റ് ബോർഡ് (ആഭരണ തൊഴിലാളികളെ ലയിപ്പിച്ചു)

7) അസംഘടിത തൊഴിലാളി ബോർഡ്, അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ ബോർഡ് (ഈറ്റ, തയ്യൽ തൊഴിലാളികളെ ലയിപ്പിച്ചു)

8) കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ്

9) കേരള തൊഴിലാളി ക്ഷേമനിധി ബോർഡ് (ചെറുകിട തോട്ടം, ബീഡി, സിഗാർ, കൈത്തറി തൊഴിലാളികളെ ലയിപ്പിച്ചു)