editorial

ജമ്മു-കാശ്മീരിൽ പി.ഡി.പി-ബി.ജെ.പി കൂട്ടുമന്ത്രിസഭ കഴിഞ്ഞ ജൂണിൽ തകർന്നപ്പോൾ സ്വാഭാവികമായും നിയമസഭ പിരിച്ചുവിട്ട് പുതിയ തിരഞ്ഞെടുപ്പ് നടത്തേണ്ടതായിരുന്നു. എന്നാൽ സഭയിൽ 25 അംഗങ്ങളുണ്ടായിരുന്ന ബി.ജെ.പി വീണ്ടുമൊരു രാഷ്ട്രീയ ചൂതാട്ടത്തിനുള്ള സാദ്ധ്യത മനസിൽ കണ്ടിരുന്നു. അതുകൊണ്ടാണ് ജൂണിൽ മന്ത്രിസഭ ഇല്ലാതായിട്ടും നിയമസഭ പിരിച്ചുവിടാതെ നിലനിറുത്തിയത്. ആറുമാസത്തേക്ക് കാശ്മീരിൽ പ്രഖ്യാപിച്ച ഗവർണർ ഭരണം ഇൗ ഡിസംബറിൽ തീരാനിരിക്കെയാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങൾ . 87 അംഗ നിയമസഭയിൽ ഭൂരിപക്ഷം ഉറപ്പിക്കാൻ 44 പേരുടെ പിന്തുണ മതിയാകും. ഇതുവരെ എതിരിട്ടുനിന്നിരുന്ന ബി.ജെ.പി ഇതര കക്ഷികളെല്ലാം ചേർന്ന് വിശാലമുന്നണി തട്ടിക്കൂട്ടി മന്ത്രിസഭ രൂപീകരിക്കാൻ നടത്തിവന്ന ശ്രമം ഫലപ്രാപ്തിയിലെത്തുമെന്ന് കണ്ടപ്പോഴാണ് ചടുല നീക്കവുമായി ഗവർണറിലൂടെ കേന്ദ്രം ഇടപെട്ടത്. സസ്‌‌പെൻഷനിൽ നിറുത്തിയിരുന്ന നിയമസഭതന്നെ പിരിച്ചുവിട്ട ഗവർണറുടെ തീരുമാനത്തിനെതിരെ വിശാലമുന്നണി നേതാക്കൾ രൂക്ഷമായി പ്രതികരിച്ചിട്ടുണ്ടെങ്കിലും സംസ്ഥാനത്ത് നിലവിലുള്ള സാഹചര്യത്തിൽ ഉചിതമായ തീരുമാനം ഇതുതന്നെയെന്ന് കരുതുന്നവരാണ് അധികവും.

സംഘർഷവും ഭീകരാക്രമണങ്ങളും രക്തച്ചൊരിച്ചിലും ഒഴിയാത്ത ജമ്മു-കാശ്മീരിൽ ഉറച്ച ഒരുസർക്കാരിനുമാത്രമേ എന്തെങ്കിലും ചെയ്യാനാവൂ എന്നത് സ്പഷ്ടമാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ജനങ്ങൾ ഒരു പാർട്ടിക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം നൽകിയില്ല. ഏറെനാൾ മന്ത്രിസഭാ രൂപീകരണം നടന്നില്ല. ഒടുവിൽ മെഹ്‌ബൂബ മുഫ്‌തിയുടെ പി.ഡി.പി രാഷ്ട്രീയ വൈരികളായിരുന്ന ബി.ജെ.പിയുമായി ചേർന്ന് മന്ത്രിസഭ രൂപീകരിക്കാൻ തയ്യാറായത് രാഷ്ട്രീയ കേന്ദ്രങ്ങളെ ഒന്നാകെ അമ്പരപ്പിച്ച സംഭവമായിരുന്നു. ഭിന്നധ്രുവങ്ങളിൽ നിൽക്കുന്ന പി.ഡി.പിയും ബി.ജെ.പിയും ചേർന്നുള്ള ഒരു സർക്കാർ നല്ല ആശയമായിരുന്നുവെങ്കിലും അതിന്റെ ആയുസ്സിനെക്കുറിച്ച് തുടക്കത്തിൽത്തന്നെ സംശയങ്ങളുണ്ടായിരുന്നു. പൊരുത്തക്കേടുകൾ താമസിയാതെ പുറത്തുവരികയും ചെയ്തു. ഇക്കഴിഞ്ഞ ജൂണിൽ ബി.ജെ.പി, ഏകപക്ഷീയമായി മന്ത്രിസഭ വിട്ട് ഇറങ്ങിപ്പോയപ്പോൾ വീണ്ടുമൊരു സർക്കാർ രൂപീകരിക്കാൻ പാകത്തിലുള്ള അംഗബലം ഒരു കക്ഷിക്കും ഇല്ലായിരുന്നു. മാത്രമല്ല നിയമസഭ പിരിച്ചുവിട്ട് പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവും ശക്തമായിരുന്നു.ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ കണക്കുകൂട്ടൽ പക്ഷേ മറ്റൊന്നായിരുന്നു.

അടുത്തകാലത്ത് പല സംസ്ഥാനങ്ങളിലും പയറ്റി വിജയിച്ച തന്ത്രം കാശ്മീരിലും പരീക്ഷിക്കാമെന്ന ബോദ്ധ്യത്തിലാണ് നിയമസഭ പിരിച്ചുവിടാതെ നിലനിറുത്തിയത്. സഭയിലെ ഏറ്റവും വലിയ കക്ഷിയായ പി.ഡി.പിയെയും (29 അംഗങ്ങൾ) നാഷണൽ കോൺഫറൻസിനെയും (15 അംഗങ്ങൾ) കോൺഗ്രസിനെയും (12 അംഗങ്ങൾ) പിളർത്തി പുതിയ സർക്കാരുണ്ടാക്കാനായിരുന്നു ബി.ജെ.പിയുടെ നീക്കം. വെറും രണ്ടംഗങ്ങൾ മാത്രമുള്ള പീപ്പിൾസ് കോൺഫറൻസിനെയും ഇതിനായി കൂട്ടുപിടിച്ചു. അപ്പോഴാണ് മെഹ്‌ബൂബ മുഫ്‌തി ബി.ജെ.പി ഇതര കക്ഷികളെ പാട്ടിലാക്കി വിശാല സഖ്യത്തിന് രൂപം നൽകിയത്. 56 അംഗങ്ങളുള്ള പിന്തുണ അവകാശപ്പെട്ട അവർ മന്ത്രിസഭ രൂപീകരിക്കാനുള്ള അവകാശം ഉന്നയിച്ചുകൊണ്ട് ഗവർണർക്ക് കത്തും നൽകി. കാര്യങ്ങൾ കൈവിട്ടുപോകുന്നുവെന്ന് മനസിലായതോടെ ഗവർണറെക്കൊണ്ട് നിയമസഭ പിരിച്ചുവിടുവിച്ച് ബി.ജെ.പി ദേശീയ നേതൃത്വം അവസാനത്തെ തുറുപ്പുചീട്ടും പുറത്തെടുക്കുകയായിരുന്നു.

ജമ്മു-കാശ്മീരിൽ ഇപ്പോൾ തദ്ദേശ തിരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കുകയാണ്. അടുത്ത മാസംകൊണ്ടേ അത് പൂർത്തിയാവുകയുള്ളൂ. തദ്ദേശ തിരഞ്ഞെടുപ്പുകഴിഞ്ഞാൽ വൈകാതെ പൊതുതിരഞ്ഞെടുപ്പിന് സമയമായി.

കൂട്ടത്തിൽ നിയമസഭയിലേക്കും തിരഞ്ഞെടുപ്പ് നടത്താവുന്നതേയുള്ളൂ. ഭീകര ഭീഷണി സജീവമായതിനാൽ ഏത് തിരഞ്ഞെടുപ്പും ഇവിടെ ദുഷ്‌കരമായ സാഹചര്യങ്ങൾ നേരിട്ടുവേണം പൂർത്തിയാക്കാൻ. ഭീകരവാദികൾക്ക് മേൽക്കൈ ഉള്ള കാശ്മീർ താഴ്‌വരയിൽ പലപ്പോഴും വോട്ടെടുപ്പ് പ്രഹസനമായി മാറാറുണ്ട്. ഏഴും എട്ടും ശതമാനത്തിനപ്പുറം പോളിംഗ് ഉയരാറില്ല. അടുത്തിടെ നടന്ന ചില ഉപതിരഞ്ഞെടുപ്പുകളിൽ ഭൂരിപക്ഷം വോട്ടർമാരും തീവ്രവാദികളുടെ ഭീഷണിയുടെ പശ്ചാത്തലത്തിൽ വിട്ടുനിൽക്കുകയായിരുന്നു.

ജമ്മു-കാശ്മീരിലെ അതീവ സങ്കീർണമായ രാഷ്ട്രീയാനിശ്ചിതത്വത്തിന് ഏക പരിഹാരം എത്രയും വേഗം നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുക എന്നതുതന്നെയാണ്. ഉറച്ച ഒരു സർക്കാരിന്റെ സാന്നിദ്ധ്യം ആവശ്യപ്പെടുന്നതാണ് അവിടത്തെ സ്ഥിതിഗതികൾ ഗവർണർ ഭരണം വന്നപ്പോൾ സ്ഥിതി ഏറെ വഷളായത്. ഏവരും കണ്ടതാണ്. തിരഞ്ഞെടുക്കപ്പെട്ട ജനകീയ ഗവൺമെന്റിനേ അവിടെ ക്രിയാത്മകമായി എന്തെങ്കിലും ചെയ്യാനാവുകയുള്ളൂ സന്ദർഭം മുതലാക്കി കുതിരക്കച്ചവടത്തിന് അവസരം നൽകി ഏച്ചുകെട്ടിയുണ്ടാക്കുന്ന കൂട്ടുമന്ത്രിസഭയല്ല കാശ്മീരിന് ആവശ്യം. ഉറച്ച ഗവൺമെന്റിനുവേണ്ടിയുള്ളതാകണം അടുത്ത വിധിയെഴുത്തു. തിരഞ്ഞെടുപ്പിന് മുമ്പേതന്നെ സഖ്യ സാദ്ധ്യത വിലയിരുത്തി കക്ഷികൾ ഉറച്ച തീരുമാനമെടുക്കണം. ഫലപ്രഖ്യാപനത്തിന് ശേഷം തട്ടിക്കൂട്ടുന്ന സഖ്യം അല്പായുസ്സായിരിക്കും. പലവട്ടം കണ്ടതാണത്.