5

കഴക്കൂട്ടം: കിൻഫ്രയുടെ വനിതാ ഹോസ്​റ്റലിൽ മറുനാട്ടുകാർ സാക്ഷരതാമിഷന്റെ 'ചങ്ങാതി ' ക്ലാസിൽ മലയാളം പഠിക്കുന്നത് കാണാനെത്തിയ മന്ത്റി ടി.പി. രാമകൃഷ്ണനെ മറുനാടൻ വനിതകൾ ഞെട്ടിച്ചു. മന്ത്റിയുടെ ചോദ്യങ്ങൾക്ക് ഉരുളയ്ക്കുപ്പേരി പോലെ മലയാളത്തിൽ മറുപടി നൽകിയാണ് ഇവർ മന്ത്റിയെ ഞെട്ടിച്ചത്. മറുനാടൻ വനിതകളുടെ മലയാളക്കരയിലെ ജീവിതാനുഭവങ്ങൾ ചോദിച്ചറിഞ്ഞ മന്ത്റി പിന്നെ അവരുടെ ഭക്ഷണകാര്യങ്ങളെക്കുറിച്ചായി. എന്തൊക്കെ കഴിക്കും ? ചിക്കൻ ? മട്ടൻ ? മന്ത്റി ചോദ്യം പൂർത്തിയാക്കുംമുമ്പ് തന്നെ മാനസിയുടെ മറുപടിയെത്തി. കോഴിയും ആടുമൊക്കെ കഴിക്കും. മലയാള പത്രങ്ങൾ കൂടി വായിക്കണമെന്ന ഉപദേശം നൽകിയാണ് മന്ത്റി ടി.പി. രാമകൃഷ്ണൻ മടങ്ങിയത്. സാക്ഷരതാമിഷൻ ഡയറക്ടർ ഡോ.പി.എസ്. ശ്രീകല, കിൻഫ്ര ഡയറക്ടർ സന്തോഷ് കുമാർ, മേനംകുളം കിൻഫ്ര അപ്പാരൽ പാർക്ക് മാനേജിംഗ് ഡയറക്ടർ ജീവാനന്ദ്, 'ചങ്ങാതി ' ക്ലാസ് അദ്ധ്യാപിക കവിത തുടങ്ങിയവർ മന്ത്റിയോടൊപ്പം ഉണ്ടായിരുന്നു. സാക്ഷരതാമിഷന്റെ 'ചങ്ങാതി ' പദ്ധതിയിൽ കിൻഫ്ര വനിതാ ഹോസ്​റ്റലിൽ പഠിക്കുന്ന 104 വനിതകളും ഒഡിഷക്കാരാണ്. കിൻഫ്രയിലെ ടെക്‌സ്‌പോർട്ട് ഇൻഡസ്ട്രീസ് പ്രൈവ​റ്റ് ലിമി​റ്റഡിലെ ജീവനക്കാരാണ് ഭൂരിഭാഗവും. തിങ്കൾ മുതൽ ശനി വരെ എല്ലാ ദിവസവും വൈകിട്ട് 6.15 മുതൽ എട്ട് വരെ രണ്ട് ബാച്ചുകളായിട്ടാണ് ക്ലാസുകൾ. ഈ ദിവസങ്ങളിൽ ക്ലാസിലെത്തിച്ചേരാൻ കഴിയാത്തവർക്കായി ഞായറാഴ്ച വൈകിട്ട് മൂന്ന് മുതൽ

7.15 വരെ ക്ലാസുണ്ട്. കിൻഫ്രയിലെ വിവിധ തൊഴിൽ സ്ഥാപനങ്ങളിലെ ജീവനക്കാരിൽ ഭൂരിഭാഗവും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ഇതര സംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്ന സംസ്ഥാന സാക്ഷരതാമിഷന്റെ 'ചങ്ങാതി ' പദ്ധതിയുടെ ആദ്യ പരീക്ഷ 25ന് എറണാകുളം ഒഴികെയുള്ള ജില്ലകളിൽ നടക്കും. 225 പരീക്ഷാ കേന്ദ്രങ്ങളിലായി 2285 പേരാണ് പരീക്ഷ എഴുതുന്നത്. നേരത്തേ എറണാകുളത്ത് നടപ്പിലാക്കിയ പദ്ധതിക്ക് മികച്ച പ്രതികരണം ലഭിച്ച സാഹചര്യത്തിലാണ് മറ്റ് ജില്ലകളിൽ പദ്ധതി വ്യാപിപ്പിച്ചത്.