ആറ്റിങ്ങൽ: നഗരസഭയിലെ രണ്ടാമത്തെ പ്രധാന ജംഗ്ഷനായ ആലംകോട്ടെ വെള്ളക്കെട്ട് നാട്ടുകാരെയും യാത്രക്കാരെയും വലയ്ക്കുന്നു. മഴ പെയ്താൽ ദേശീയപാത ഉൾപ്പെടെ വെള്ളക്കെട്ടിലാകുന്നത് പതിവാണ്. ഓടകൾ മണ്ണ് മൂടി അടയുന്നതാണ് ഈ ദുരിതത്തിനു കാരണം. വർഷത്തിൽ ഒന്നിലധികം തവണ ഓട ശുചീകരിച്ചാലും ഇതു തന്നെയാണ് അവസ്ഥ. ഇതിനു പരിഹാരം കാണാൻ ഓടയുടെ ആഴവും വീതിയും കൂട്ടണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നുണ്ടെങ്കിലും ദേശീയപാത അധികൃതർ കേട്ടില്ലെന്ന് നടിക്കുകയാണ്. നിരന്തരം ഓട ശുചീകരണം നടത്തിയാൽ ഈ പ്രശ്‌നത്തിന് പരിഹാരമാകുമെന്നാണ് അവരുടെ അഭിപ്രായം. എന്നാൽ ഇതിന് നഗരസഭ തയാറല്ല. വർഷത്തിലൊരിക്കലുള്ള മഴക്കാല പൂർവ ശുചീകരണം ഓട വൃത്തിയാക്കലിൽ മാത്രം ഒതുങ്ങുകയാണ്. ചെറിയ മഴ പെയ്താൽ പോലും ഉണ്ടാകുന്ന വെള്ളക്കെട്ട് ദിവസങ്ങളോളം നിൽക്കും. ഇതുകാരണത്താൽ കല്ലമ്പലം ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിൽ ബസ് നിറുത്തിയാൽ യാത്രക്കാർ കയറാനും ഇറങ്ങാനും പ്രയാസപ്പെടുകയാണ്. ഈ ഭാഗത്തെ റോഡ് ഫുട്പാത്തിൽ നിന്നു വളരെ ഉയർന്നു നിൽക്കുന്നതും യാത്രക്കാരെ കഷ്ടപ്പെടുത്തുന്നു. ബസിൽ നിന്നും ശ്രദ്ധിക്കാതെ ഇറങ്ങുന്നവർ വീഴുന്നതും സ്ത്രീകളും വൃദ്ധരും മറ്റുള്ളവരുടെ സഹായം തേടേണ്ടിവരുന്നതും നിത്യ കാഴ്ചയാണ്. കാത്തിരിപ്പ് കേന്ദ്രത്തിനും റോഡിലെ ടാറിംഗിനും ഇടയിലുള്ള ഭാഗം മണ്ണിട്ട് ഉയർത്തി ടാർ ചെയ്താൽ മാത്രമേ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനാവൂ. മണ്ണിട്ട് ഉയർത്തി ബസ്ബേ നിർമ്മിക്കാൻ ദേശീയപാത അതോറിട്ടി ഇതുവരെ തയാറായിട്ടില്ല. ഇതിനെക്കാൾ തിരക്കു കുറഞ്ഞ സമീപപ്രദേശങ്ങളിൽ പല സ്ഥലത്തും ബസ് ബേകൾ നിർമ്മിച്ച് പ്രശ്നം പരിഹരിച്ചിട്ടുണ്ട്. നിലവിൽ ആറ്റിങ്ങൽ ടൗണിന്റെ സമീപ പ്രദേശങ്ങളിലും സമാനരീതിയിൽ വികസന പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. എന്നിട്ടും ആലംകോടിനോട് തികഞ്ഞ അലംഭാവമാണ് അധികൃതർ കാണിക്കുന്നത്. ദേശീയപാതയിലുള്ള ഈ ജംഗ്ഷൻ വിവിധ കാരണങ്ങളാൽ വീർപ്പുമുട്ടുകയാണ്. അത്യാവശ്യം വേണ്ട വികസനങ്ങൽ പോലും ഇവിടെ നടപ്പിലാക്കുന്നില്ലെന്നാണ് പരാതി. ദേശീയപാതയിലെ മറ്റ് പലഭാഗങ്ങളും വീതികൂട്ടി വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുമ്പോൾ ഈ പദ്ധതികളിലൊന്നും ആലംകോടിനെ പരിഗണിക്കുന്നില്ല. തിരക്കേറിയതും നിരവധി പ്രധാന റോഡുകൾ വന്നു ചേരുന്നതുമായ ജംഗ്ഷനായിട്ടും സ്ഥിരം പൊലീസ് പിക്കറ്റിംഗോ ട്രാഫിക് സംവിധാനമോ എർപ്പെടുത്തിയിട്ടില്ലാത്തത് പ്രശ്നം വഷളാക്കുന്നു.