മുടപുരം: കൂന്തള്ളൂരിൽ പ്രവർത്തിക്കുന്ന കാർത്തിക ഹോളോബ്രിക്സ് കമ്പനി അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ജാഗ്രത ആക്ഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കമ്പനിയുടെ സമീപവാസിയായ കോളറ ഗോപിനാഥൻ നിരാഹാരം ആരംഭിച്ചു. സമീപവാസികൾക്ക് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി ആരോപിച്ച് കിഴുവിലം ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരം കെ.പി.സി.സി അംഗം എം.ജെ. ആനന്ദ് ഉദ്‌ഘാടനം ചെയ്തു. കവി രാധാകൃഷ്ണൻ കുന്നുംപുറം, ജാഗ്രത ആക്ഷൻ കൗൺസിൽ ചെയർമാൻ സന്തോഷ്, അജിതകുമാരി, അനിൽ ജി.പി. നായർ തുടങ്ങിയവർ സംസാരിച്ചു.