പൂവാർ: അരുമാനൂരിനും പൂവാർ ജംഗ്ഷനും ഇടയ്ക്കുള്ള വിജനമായ പ്രദേശം അറവ് മാലിന്യം നിക്ഷേപിക്കാനുള്ള പ്രധന കേന്ദ്രമായി മാറിയിരിക്കുകയാണ്. പൊതുവെ തിരക്കൊഴിഞ്ഞതും താമസക്കാർ ഇല്ലാത്തതുമായ ഇവിടം വിശാലമായ കൃഷിയിടങ്ങളും റോഡിന്റെ വശം കാടുമൂടിയ നിലയിലുമാണ്. പൂവാറിലെ പൊഴിമൂടുംമ്പോൾ സദാ വെള്ളം കയറുന്നതിനാൽ ചെറുകൃഷികളൊന്നും ഇവിടെ ചെയ്യാൻ കഴിയാറില്ല. മിക്കപ്പോഴും വിജനമായതിനാൽ സാമൂഹിക വിരുദ്ധർക്ക് അറവുമാലിന്യങ്ങളും അഴുകിയ മാംസാവശിഷ്ടവും ഉപേക്ഷിക്കാൻ എളുപ്പമാണ്. അഴുകിയ ചാക്കുകെട്ടുകൾ തെരുവ് നായ്ക്കൾ കടിച്ച് റോഡിൽ ഇടുന്നതുകാരണം വഴിയാത്രക്കാർ അപകടത്തിൽ പെടുന്നതും പതിവാണ്. തിരക്കോഴിഞ്ഞ റോഡായതിനാൽ വളരെ വേഗത്തിലാണ് വാഹനങ്ങൾ ഇതുവഴി പോകുന്നത്. മാംസത്തിനു വേണ്ടി കടിപികൂടുന്ന നായ്ക്കളുടെ ദേഹത്ത് തട്ടിയാണ് അപകടങ്ങൾ കൂടുതലും ഉണ്ടാകുന്നത്. മാലിന്യ നിക്ഷേപം വർദ്ധിച്ചതോടെ പ്രദേശവാസികൾ പഞ്ചായത്ത് അധികൃതരെ അറിയിച്ചിട്ടും നാളിതുവരെ യാതോരു ശുചീകരണ നടപടികളും സ്വീകരിച്ചിട്ടില്ല. പൂവാർ പൊഴിക്കരയിലും ബീച്ചിലും ഈ അടുത്ത കാലത്ത് എസ്.ഐ. ബിനു ആന്റണിയുടെ നേതൃത്വത്തിൽ പൊലീസ് ശക്തമായ നിയന്ത്രണം ഏർപ്പെടുത്തുകയുണ്ടായി. പൂവാർ പാലം ഭാഗത്ത് സി.സി.ടി.വി കാമറകൾ സ്ഥാപിച്ചതിനാലും രാത്രി കാലങ്ങളിൽ ട്യൂബ് ലൈറ്റ് പ്രകാശിപ്പിച്ച് മാലിന്യം ഉപേക്ഷിക്കുന്നവരെ കണ്ടെത്താൻ തുടങ്ങിയതോടെയും കുറച്ചെല്ലാം നിയന്ത്രണ വിധേയമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സാമൂഹ്യ വിരുദ്ധർ വിജനമായ പുതിയ സ്ഥലം കണ്ടെത്തിയിരിക്കുന്നത്. തുടക്കത്തിൽ തന്നെ ഇതു നിയന്ത്രിക്കാൻ ആവശ്യമായ ന്നപടികൾ ബന്ധപ്പെട്ടവർ കൈക്കൊള്ളണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. അല്ലാത്തപക്ഷം ദിനംപ്രതി ദുരന്തം കാണേണ്ടി വരുന്ന ഭയത്തിലാണ് തദ്ദേശവാസികൾ.