rsp

തിരുവനന്തപുരം: ശബരിമലയിൽ യുവതീപ്രവേശന വിധി വന്നപ്പോൾ കേട്ടത് പാതി കേൾക്കാത്തത് പാതി നടപ്പാക്കാൻ എടുത്തു ചാടിയത് മുഖ്യമന്ത്രിയുടെ അഹന്ത കൊണ്ടാണെന്ന് ആർ.എസ്.പി ജനറൽസെക്രട്ടറി പ്രൊഫ. ടി.ജെ. ചന്ദ്രചൂഡൻ പറഞ്ഞു. വിധി നടപ്പാക്കാൻ സർക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടില്ല. പറയാത്തത് ചെയ്യാനാണ് വ്യഗ്രത കാട്ടിയതെന്നും ആർ.എസ്.പി സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് ചന്ദ്രചൂഡൻ പറഞ്ഞു.

ജഡ്ജിമാർ നിയമം മാത്രം നോക്കി തീരുമാനമെടുക്കുമ്പോൾ അതെങ്ങനെ ജനങ്ങളെ ബാധിക്കുന്നെന്ന് നോക്കേണ്ടത് എക്സിക്യൂട്ടീവാണ്. പല വിഷയങ്ങളിലും നിയമങ്ങളെക്കാൾ മുകളിലാണ് ആചാരങ്ങൾ. വിധിയെ സ്വാഗതം ചെയ്യുന്നതിൽ തെറ്റില്ല. എന്നാൽ നടപ്പാക്കുമ്പോൾ ഇന്നലെ വരെയുണ്ടായിരുന്ന ആചാരങ്ങളെ അതെങ്ങനെ ബാധിക്കുമെന്ന് നോക്കേണ്ടേ?

വിധി നടപ്പാക്കാനിറങ്ങുമ്പോൾ എസ്.എൻ.ഡി.പി യോഗത്തിന്റെയും എൻ.എസ്.എസിന്റെയും പൊയ്കയിൽ അപ്പച്ചന്റെയും അയ്യങ്കാളിയുടെയും പ്രസ്ഥാനങ്ങളുടെയും അഭിപ്രായം തേടേണ്ടതായിരുന്നു. ഇതൊന്നും ചോറും കറിയും വയ്ക്കും പോലെ എടുപിടീന്ന് പറഞ്ഞ് നടപ്പാക്കേണ്ടതല്ല.

സംഘപരിവാറിന്റെ വളർച്ചയ്ക്കു വളമിട്ട് കൊടുക്കുകയല്ല ഇടതു പ്രസ്ഥാനങ്ങൾ ചെയ്യേണ്ടത്. എന്നാലിവിടെ കോൺഗ്രസിനെ നിഷ്പ്രഭമാക്കി ബി.ജെ.പിയെ വളർത്താനാണ് ശ്രമം.

ഷിബു ബേബിജോൺ അദ്ധ്യക്ഷനായിരുന്നു. കെ.എസ്. സനൽകുമാർ, എസ്. സത്യപാലൻ എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. എൻ.കെ. പ്രേമചന്ദ്രൻ, ബാബു ദിവാകരൻ, കെ. സിസിലി, സി.പി. സുധീഷ്‌കുമാർ, കലാനിലയം രാമചന്ദ്രൻ നായർ, ആർ.ജി. രാഹുൽ എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി എ.എ. അസീസ് സ്വാഗതം പറഞ്ഞു.