തിരുവനന്തപുരം:ശബരിമലയിലെ ക്രമസമാധാനം അടക്കമുള്ള സ്ഥിതിഗതികൾ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ രാജ്ഭവനിലെത്തി ഗവർണർ പി.സദാശിവത്തെ ധരിപ്പിച്ചു.
അരമണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ എസ്.പി യതീഷ് ചന്ദ്രയുടെ പെരുമാറ്റത്തെക്കുറിച്ച് കേന്ദ്രമന്ത്രി പൊൻരാധാകൃഷ്‌ണൻ ഉന്നയിച്ച പരാതിയും നിരോധനാജ്ഞ നീക്കുന്നതും ചർച്ചാവിഷയമായെന്ന് രാജ്ഭവൻ അറിയിച്ചു. ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങൾ സംബന്ധിച്ച് കക്ഷിനേതാക്കളും പൊതുജനങ്ങളും നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയെ ചർച്ചയ്‌ക്കായി ഗവർണർ ക്ഷണിക്കുകയായിരുന്നു. ഈ പരാതികളും, നിരോധനാജ്ഞ പിൻവലിക്കുന്നതിനുള്ള സാദ്ധ്യതകളും ഹൈക്കോടതിയുടെ നിർദ്ദേശങ്ങളും ചർച്ചയായി. പ്രശ്‌നങ്ങൾ പരിശോധിക്കാമെന്നും, വേഗത്തിൽ നടപടിയെടുക്കാമെന്നും മുഖ്യമന്ത്രി ഉറപ്പു നൽകി. സന്നിധാനത്തും പമ്പയിലും നിലയ്ക്കലും കുടിവെള്ളം, ശൗചാലയങ്ങൾ, വിശ്രമമുറികൾ എന്നിവ കുറവാണെന്ന പരാതിയിൽ സ്വീകരിച്ച നടപടികൾ മുഖ്യമന്ത്രി വിശദീകരിച്ചു. നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് കൂടുതൽ യാത്രാ സൗകര്യം ഏർപ്പെടുത്തുന്നതും ചർച്ച ചെയ്തു.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ശബരിമല കർമ്മ സമിതിയുമാണ് ഗവർണർക്ക് പരാതി നൽകിയത്. ഇന്നലെ കെ.എം.മാണി എം.എൽ. എയും ഗവർണറെ കണ്ടിരുന്നു.