great-kerala-shopping-

തിരുവനന്തപുരം : വ്യാപാരമാന്ദ്യം മറികടക്കാൻ കേരളത്തിലെ എല്ലാ പത്രമാധ്യമ സ്ഥാപനങ്ങളുംകൂടി സംഘടിപ്പിച്ചിരിക്കുന്ന ഗ്രേറ്റ് കേരള ഷോപ്പിംഗ് ഉത്സവത്തിൽ എല്ലാ വ്യാപാരികളും സഹകരിക്കാൻ ജില്ലാ വ്യാപാര ഭവനിൽ കൂടിയ കേരള വ്യാപാരി വ്യവസായി ജില്ലാകമ്മിറ്റിയോഗം തീരുമാനിച്ചു.

ജില്ലാപ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. ജി.എസ്.ടി ഉള്ളതും ഇല്ലാത്തതുമായ ബില്ലുകൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. വ്യാപാരികളെ രണ്ട് തട്ടിലാക്കി ഷോപ്പിംഗ് ഉത്സവം നടത്തുന്നത് ശരിയല്ല. പത്തരലക്ഷം വ്യാപാരികളിൽ ജി.എസ്.ടി ഇൗടാക്കി ബില്ല് കൊടുക്കാൻ കഴിയുന്നത് രണ്ടുലക്ഷം വ്യാപാരികൾക്കാണ്. ഭൂരിപക്ഷം വ്യാപാരികളും ജി.എസ്.ടി രജിസ്ട്രേഷൻ ആവശ്യമില്ലാത്ത വ്യാപാരികളാണെന്ന് യോഗം വിലയിരുത്തി. 1000 രൂപയ്ക്ക് ഏത് കടയിൽനിന്നു വാങ്ങുന്ന ബില്ലും സമ്മാനത്തിനർഹമാക്കണം. 20 ലക്ഷത്തിന് താഴെ വിറ്റുവരവുള്ള വ്യാപാരികൾ ജി.എസ്.ടി രജിസ്ട്രേഷൻ എടുക്കേണ്ട ആവശ്യമില്ല. എല്ലാ വിഭാഗം വ്യാപാരികൾക്കും ഇൗ വ്യാപാര ഉത്സവത്തിൽ പങ്കെടുക്കുവാൻ അവസരം നൽകി ഡിസംബർ 31 വരെ നീട്ടി സമാപന നറുക്കെടുപ്പ് നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.

ജനറൽ സെക്രട്ടറി വൈ. വിജയൻ, ട്രഷറർ ധനീഷ് ചന്ദ്രൻ, ചിറയിൻകീഴ് താലൂക്ക് പ്രസിഡന്റ് ജോഷി ബാസു, നെടുമങ്ങാട് താലൂക്ക് പ്രസിഡന്റ് പാലോട് കുട്ടപ്പൻനായർ, നെയ്യാറ്റിൻകര താലൂക്ക് ജനറൽ സെക്രട്ടറി ഷിറോസ് ഖാൻ, തിരുവനന്തപുരം താലൂക്ക് ജനറൽ സെക്രട്ടറി കല്ലയം ശ്രീകുമാർ, താലൂക്ക് മേഖല സെക്രട്ടറി ഗോപകുമാർ എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.