port

വിഴിഞ്ഞം: മത്സ്യബന്ധന തുറമുഖത്ത് മീൻ വാങ്ങാൻ കാൽനടയായി വരുന്നവർക്കും ടോൾ ഏർപ്പെടുത്തിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഹാർബർ എൻജിനിയറിംഗ് വകുപ്പിന് കീഴിൽ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തെ പാർക്കിംഗ് സ്ഥലത്താണ് അനധികൃതമായി ടോൾ പിരിക്കുന്നത്. മീൻ വാങ്ങാനെത്തുന്ന കാൽനടയാത്രക്കാർക്കും സൈക്കിളുൾപ്പെടെയുള്ള വാഹനങ്ങൾക്കുമാണ് ടോൾ ഏർപ്പെടുത്തിയത്.

ഓരോ വർഷവും ടെൻഡറിലൂടെയാണ് ടോൾ പിരിവിനുള്ള സ്വകാര്യവ്യക്തിയെ കണ്ടെത്തുന്നത്. കഴിഞ്ഞ വർഷത്തെക്കാൾ കൂടുതൽ തുകയ്‌ക്കാണ് ഇത്തവണ ടോൾ പിരിക്കാനുള്ള അനുമതി നൽകിയത്. കഴിഞ്ഞവർഷം 1.86 ലക്ഷം രൂപയ്‌ക്ക് നൽകിയ ടെൻഡർ ഇത്തവണ നൽകിയത് 8.27 ലക്ഷത്തിനാണ്. മീൻ വാങ്ങാൻ പോകണമെങ്കിൽ ഒരാൾക്ക് മൂന്ന് രൂപയും, സൈക്കിളിന് അഞ്ചും നൽകണം. മത്സ്യത്തൊഴിലാളി 50 കിലോ ഐസ് കൊണ്ടു പോകാൻ നൽകേണ്ട ടോൾ അഞ്ച് രൂപ. കഴിഞ്ഞ വർഷം 50 രൂപയായിരുന്ന ലോറി പാർക്കിംഗിന് ഇപ്പോൾ 75 രൂപയാക്കി.

സമീപത്തെ പള്ളികളിലെത്തുന്ന തീർത്ഥാടകരുടെ വാഹനങ്ങളും ഇവിടെയാണ് പാർക്ക് ചെയ്യുന്നത്. ഇവരിൽ നിന്ന് ടോൾ പിരിക്കുന്നതും പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. അതിനിടെ ഇവടെ വള്ളങ്ങൾ കയറ്റി വച്ചിരിക്കുന്നത് പാർക്കിംഗിന് തടസമാകുന്നതായും പരാതിയുണ്ട്. ഇതുകാരണം റോഡിന്റെ വശങ്ങളിലാണ് പാർക്കിംഗ്. എന്നിട്ടും ടോൾ പിരിക്കുകയാണെന്നാണ് പരാതി.
അനധികൃത ടോൾ പിരിവിനെതിരെ സി.പി.എമ്മിന്റെയും ഡി.വൈ.എഫ്.ഐയുടെയും നേതൃത്വത്തിൽ ഇന്നലെ ഹാർബർ എൻജിനിയറിംഗ് ഓഫീസ് ഉപരോധിച്ചു. ഇതോടെ ഓഫീസ് പ്രവർത്തനം മണിക്കൂറുകളോളം സ്‌തംഭിച്ചു. കൗൺസിലർ എൻ.എ. റഷീദ്, മുബാറക് ഷാ, വിഴിഞ്ഞം സ്റ്റാൻലി എന്നിവർ നേതൃത്വം നൽകി. രാവിലെ 10.30ന് തുടങ്ങിയ

ഉപരോധം വൈകിട്ട് മൂന്നിനാണ് അവസാനിച്ചത്. ഇന്ന് ഉച്ചയ്‌ക്ക് ട്രേഡ് യൂണിയനുകൾ, കൗൺസിലർ, പൊലീസ് ഉദ്യോഗസ്ഥർ, വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ ചർച്ച നടത്താമെന്നും അതുവരെ ടോൾ പിരിക്കില്ലെന്നുമുള്ള ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

കുരുക്കുന്ന ടോൾ വല

 ടോൾ ടെൻഡർ തുക - 8.27 ലക്ഷം രൂപ, പഴയത് - 1.86 ലക്ഷം

 ലോറി പാർക്കിംഗിന് : 75 രൂപ, കഴിഞ്ഞ വർഷം : 50

മീൻവാങ്ങാൻ പോകുമ്പോൾ

 കാൽനടക്കാരന് ടോൾ : 3 രൂപ

 സൈക്കിളിന് : 5 രൂപ

 50 കിലോ ഐസ് കൊണ്ടു പോകാൻ: 5രൂപ