കാട്ടാക്കട: വീട്ടിൽ അവശനിലയിൽ കണ്ട വയോധിക ദമ്പതികളെ ആശുപത്രിയിലെത്തിച്ച് കാട്ടാക്കട സി.എസ്.ഐ പാലിയേറ്റീവ് കെയർ സെക്രട്ടറി റിട്ട. സബ് ഇൻസ്പെക്ടർ വിജയരാജ് മാതൃകയായി. കാട്ടാക്കട ആമച്ചൽ കഴിഞ്ഞിക്കാവ് തടത്തരികത്തു വീട്ടിൽ ദമ്പതികളായ രാഘവൻ, സരോജിനി എന്നിവരെയാണ് വിജയരാജ് ആശുപത്രിയിലെത്തിച്ചത്. സി.എസ്.ഐ പാലിയേറ്റീവ് കെയർ മാസംതോറും നൽകി വരുന്ന കിറ്റ് എത്തിക്കുന്നതിനായാണ് വിജയരാജ് ഇവരുടെ വീട്ടിലെത്തിയത്. ദുർഗന്ധം വമിക്കുന്ന മുറിയിൽ കയറിയതോടെ ഓർമ്മ കുറവുള്ള സരോജിനിയെ വളരെ അവശതയിലും ദേഹം പുഴുവരിച്ച നിലയും കണ്ടെത്തി. മുറിയാകെ പഴകിയ ഭഷണത്തിന്റെയും മലമൂത്ര വിസർജനത്തിന്റെയും ദുർഗന്ധമായിരുന്നു. മുറിക്കുള്ളിൽ രാഘവനെ കാണാതായതോടെ നടത്തിയ അന്വേഷണത്തിൽ വീടിന് പുറത്തെ കക്കൂസിൽ അബോധാവസ്ഥയിൽ ഇരിക്കുന്നതായും കണ്ടെത്തി. തുടർന്ന് പാലിയേറ്റീവ് കെയർ അംഗങ്ങളേയും നാട്ടുകാരെയും, ആരോഗ്യവകുപ്പിനെയും പഞ്ചായത്ത് അധികൃതരേയും പൊലീസിനേയും വിവരം അറിയിക്കുകയും പ്രാഥമിക ചികിത്സ നൽകി ഇരുവരേയും ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
മക്കളില്ലാത്ത ഇവർ സുമനസുകളുടെയും പാലിയേറ്റീവിൽ നിന്നു കിട്ടുന്ന കിറ്റും സമീപത്തുള്ള ഹോട്ടലിൽ നിന്നും നൽകുന്ന ഒരു നേരത്തെ ഭക്ഷണവും കഴിച്ചാണ് കഴിഞ്ഞിരുന്നത്. കഴിഞ്ഞ ഒരു മാസമായി വീടിനുളിൽ ആരും കടക്കാതിരുന്നതിനാൽ കിടക്കയിൽ തന്നെയുള്ള സരോജിനിയുടെ അവസ്ഥ ആരും അറിഞ്ഞിരുന്നില്ല. ഇതിനിടെ രാഘവന്റെ രണ്ടു കാലിലും നീരു വന്ന് വീർക്കുകയും ചെയ്‌തു. ചൊവാഴ്ച രാത്രിയിലോ ബുദ്ധനാഴ്ചയോ ആകാം രാഘവന് ദേഹാസ്വാസ്ഥ്യം ഉണ്ടായതെന്നാണ് നിഗമനം. ഒരു മാസത്തിനു മുൻപ് വിജയരാജ് ഇവിടെ എത്തി ഭക്ഷ്യ കിറ്റ് നൽകുകയും ഇരുവർക്കും വേണ്ട ശുശ്രൂഷകൾ നൽകുകയും ചെയ്തിരുന്നു. ഈ മാസത്തെ കിറ്റ് എത്തിക്കുന്നതിനായി എത്തിയപ്പോഴാണ് ഇരുവരെയും ഈ അവസ്ഥയിൽ കണ്ടെത്തിയത്. ആരോരുമില്ലാത്ത ഇവർക്ക് ചികിത്സയ്ക്കും മുന്നോട്ടുള്ള ജീവിതത്തിനും വേണ്ട നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.