തിരുവനന്തപുരം : നഗരത്തിന്റെ ഹൃദയഭാഗമായ കിഴക്കേകോട്ടയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസ് കയറിയിറങ്ങി ദാരുണമായി പൊലിഞ്ഞ ജീവനുകൾ നിരവധി. റോഡ് മുറിച്ചുകടക്കാനുള്ള ശ്രമത്തിനിടെയാണ് ഇന്നലെ രാവിലെ 11ന് വെങ്ങാനൂർ സ്വദേശി ബേബി ബായ് മരിച്ചതും. സുരക്ഷിതമായി റോഡ് മുറിച്ച് കടക്കുന്നതിന് മേൽപ്പാലമോ, സദാസമയം ട്രാഫിക് വാർഡൻമാരോ ഇവിടെ വേണമെന്ന ആവശ്യം ഓരോ മരണം നടക്കുമ്പോഴും ഉയരാറുണ്ടെങ്കിലും നടപടിയൊന്നുമാകുന്നില്ല. നാല് വർഷത്തിനിടെ അപകടത്തിൽപ്പെട്ട് ഇവിടെ പത്തോളം പേർ മരിച്ചതായാണ് കണക്ക്. എന്നാൽ മരണത്തെ മുന്നിൽ കണ്ട് തലനാരിഴയ്ക്ക് രക്ഷപ്പെട്ടവർ നിരവധി. ദൂരസ്ഥലങ്ങളിൽ നിന്ന് എത്തുന്നവർക്കും ജില്ലയുടെ വിവിധഭാഗങ്ങളിൽ നിന്ന് നഗരത്തിലെത്തുന്നവർക്കും കിഴക്കേകോട്ടയാണ് പ്രധാന ആശ്രയം. അതുകൊണ്ട് തന്നെ രാവിലെ മുതൽ രാത്രി വൈകുവോളവും സദാ തിരക്കിലാണ് കിഴക്കേകോട്ട. ഇതിനിടയിലാണ് സ്വകാര്യ ബസും കെ.എസ്.ആർ.ടി.സിയും മത്സരിച്ച് ചീറിപ്പായുന്നത്. കണ്ണൊന്ന് തെറ്റിയാൽ ഇവയ്ക്ക് അടിയിൽപ്പെട്ട് ചതഞ്ഞരയും. ഗാന്ധിപാർക്കിന് സമീപത്ത് നിന്ന് ചാലയിലേക്ക് കടക്കുന്നവരും പ്രീപെയ്ഡ് ആട്ടോ കൗണ്ടറിന് സമീപത്ത് നിന്ന് എതിർവശത്തേക്ക് കടക്കുന്നവരുമാണ് കൂടുതലായി അപകടത്തിൽ പെടുന്നത്. കെ.എസ്.ആർ.ടി.സിയോട് മത്സരിച്ച് സ്വകാര്യ ബസുകൾ ആളെ കയറ്റാൻ തലങ്ങും വിലങ്ങുമാണ് വണ്ടി നിറുത്തുന്നത്. നിരവധിതവണ ഇതിനെതിരെ പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായിട്ടില്ലെന്ന് സമീപത്തെ വ്യാപാരികൾ പറയുന്നു. ഇനിയും ജീവനുകൾ നഷ്ടപ്പെടുന്നതിന് മുമ്പ് കിഴക്കേകോട്ടയിൽ കാൽനടയാത്രക്കാർക്ക് സുരക്ഷിതമായ നടപ്പാതയും റോഡ് മുറിച്ചു കടക്കുന്നതിന് ആവശ്യമായ സംവിധാനങ്ങളും ഒരുക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
കിഴക്കേകോട്ട ഏക ആശ്രയം
ശ്രീപദ്മനാഭസ്വാമി ക്ഷേത്രം, ആറ്റുകാൽ ക്ഷേത്രം, ചാല മാർക്കറ്റ്, ജനറൽ ആശുപത്രി, മെഡിക്കൽകോളേജ് എന്നിവിടങ്ങളിലേക്ക് പോകാൻ രാവിലെ മുതൽ ആയിരക്കണക്കിന് പേരാണ് കിഴക്കേകോട്ടയിലെത്തുന്നത്. ശ്രീപദ്മനാഭ തിയേറ്ററിന് മുമ്പിലാണ് പാപ്പനംകോട് ഭാഗത്തേക്കുള്ള ബസുകളുടെ സ്റ്റോപ്പ്. കോവളം, ബീമാപള്ളി, വിഴിഞ്ഞം സ്റ്റോപ്പുകളും ഇതിന് സമീപത്തുണ്ട്. ഗാന്ധിപാർക്കിന് എതിർവശത്തായി പാളയം, ശ്രീകാര്യം, കാര്യവട്ടം, മെഡിക്കൽകോളേജ്, ചാക്ക തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകാനുള്ള ബസ് സ്റ്റോപ്പുകളും ഉണ്ട്. ഏത് ഭാഗത്ത് പോകാനുള്ള ആളിനും ബസ് തേടി റോഡ് മുറിച്ച് കടക്കണം.
മേൽപ്പാലം ഉയരും : മേയർ
നഗരത്തിന്റെ വിവിധയിടങ്ങളിൽ കാൽനട മേൽപ്പാലം നിർമ്മിക്കുന്നതിന്റെ ഭാഗമായി കിഴക്കേകോട്ടയിൽ ഉടൻ നിർമ്മാണം ആരംഭിക്കുമെന്ന് മേയർ വി.കെ. പ്രശാന്ത് അറിയിച്ചു. പി.ഡബ്ളിയു.ഡിയുമായും റോഡ് ഫണ്ട് ബോർഡുമായും ഇതു സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്. പട്ടം സെന്റ് മേരീസിന് മുന്നിൽ പണി പൂർത്തിയായി കഴിഞ്ഞാൽ കിഴക്കേകോട്ടയിൽ പണി തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
"മേൽപ്പാലം നിർമ്മിച്ചാൽ മാത്രമേ കിഴക്കേകോട്ടയിൽ അപകടങ്ങൾക്ക്
ശാശ്വത പരിഹാരം കാണാൻ സാധിക്കൂ."
-സുൽഫീക്കർ, അസിസ്റ്റന്റ് കമ്മിഷണർ, ട്രാഫിക് സൗത്ത്