തിരുവനന്തപുരം: റോഡ് മുറിച്ചുകടക്കാനായി കാത്തുനിന്ന വീട്ടമ്മ സ്വകാര്യ ബസ് ഇടിച്ചു മരിച്ചു. ഇന്നലെ രാവിലെ 11ന് കിഴക്കേകോട്ട ഗാന്ധിപാർക്കിന് സമീപം പ്രീപെയ്ഡ് ആട്ടോകൗണ്ടറിന് മുന്നിലായിരുന്നു അപകടം. വിവാഹത്തിന് പോയി മടങ്ങുകയായിരുന്ന വെങ്ങാനൂർ പനങ്ങോട് ശ്രീനിലയത്തിൽ ബേബി ബായിയാണ് (69) മരിച്ചത്. ഇടിയുടെ ആഘാതത്തിൽ ബസിനടിയിലേക്കുവീണ ഇവരെ നാട്ടുകാരും പൊലീസും ചേർന്നു മെഡിക്കൽകോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കൾ: രഞ്ജന (ടീച്ചർ, സെന്റ് പോൾ സ്കൂൾ, ഉച്ചക്കട), രജീഷ് ചന്ദ്രൻ (തപോവൻ റിസോർട്ട് ), അഞ്ജന (ടീച്ചർ, ചിന്മയാ വിദ്യാലയം). മരുമക്കൾ: ഉണ്ണിക്കൃഷ്ണൻ നായർ (ബിസിനസ് ), ശ്രീനിവാസ് (ഇലക്ട്രിക്കൽ കോൺട്രാക്ടർ), ഷൈമ എസ്. നായർ. സംസ്കാരം നടന്നു.
മേൽപ്പാലം നിർമ്മിക്കണം
ഒരിടവേളയ്ക്കു ശേഷമാണ് കിഴക്കേകോട്ടയിൽ വീണ്ടും അപകടമരണമുണ്ടായത്. ഇവിടെ ട്രാഫിക് വാർഡൻമാരെ നിയോഗിച്ചിട്ടുണ്ടെങ്കിലും ഇവരുടെ കണ്ണിൽപെടാത്ത ഭാഗത്തുനിന്ന് ആളുകൾ റോഡ് മുറിച്ചു കടക്കാറുണ്ട്. ട്രാഫിക് വാർഡൻ നില്ക്കുന്നതിന് ഏറെ അകലെയായിരുന്നു ഇന്നലെ അപകടം ഉണ്ടായതെന്ന് ഫോർട്ട് എസ്.ഐ ഷാജിമോൻ പറഞ്ഞു. തിരക്കേറിയ ഇരുറോഡുകളും മുറിച്ചുകടക്കുന്നതിന് മേൽപ്പാലം നിർമ്മിക്കണമെന്ന ആവശ്യം ഇതോടെ വീണ്ടും ശക്തമായി. നഗരത്തിൽ വിവിധയിടങ്ങളിൽ കാൽനട മേൽപ്പാലങ്ങൾ നിർമ്മിക്കുന്നതിന്റെ ഭാഗമായി കിഴക്കേകോട്ടയിലും ഉടൻ നിർമ്മാണം ആരംഭിക്കുമെന്ന് മേയർ വി.കെ. പ്രശാന്ത് പറഞ്ഞു.