വെള്ളറട: തൊഴിൽ മേഖലയിലെ സ്തംഭനം കാരണം മലയോരത്തെ തൊഴിലാളി കുടുബങ്ങൾ കടുത്ത പ്രതിസന്ധിയിലാണ്. മലയോരത്തെ ആയിരക്കണക്കിന് തൊഴിലാളികൾ പണിയെടുത്തുന്ന ക്വാറിമേഖല പൂർണമായും നിലച്ചതാണ് പ്രതിസന്ധികൾക്ക് തുടക്കം. പാറക്വാറിമേഖലയിലെ പാറപൊട്ടിക്കൽ, കയറ്റിറക്കൽ, വാഹന തൊഴിലാളികൾ തുടങ്ങിയ മേഖലകളിലാണ് തൊഴിൽ സ്തംഭനം ഉണ്ടായത്. തൊട്ടുപിന്നാലെ നിർമ്മാണ മേഖലയിലും പ്രവർത്തനം നിലച്ചതോടെ നിർമ്മാണ തോഴിലാളികളും പ്രതിസന്ധിയിലായി. നിരവധി കുടുബങ്ങളാണ് മാസങ്ങളായി തൊഴിൽ സ്തംഭനത്തിൽ കുടുങ്ങി നട്ടം തിരിയുന്നത്. പല കർഷകരും റബർ ടാപ്പിംഗ് നിറുത്തിയതോടെ നിർമ്മാണ മേഖലകളെയായിരുന്നു ആശ്രയിച്ചിരുന്നത്. നിർമ്മാണ മേഖലയിലെ പ്രതിസന്ധി രൂക്ഷമായതോടെ ദിവസേനെയുള്ള ചിലവിനുപോലും പണമില്ലാതെ വലയുകയാണ് കുടുബങ്ങൾ.

കൃഷിയിലൂടെ ആദായം ലഭിക്കാതായതേടെ കർശകരും നട്ടംതിരിയുകയാണ്. വന്യമൃഗങ്ങൾ നാട്ടിലിറങ്ങി കൃഷി നശപ്പിക്കുന്നതും കർഷകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. നാണ്യവിളകൾ എല്ലാം തന്നെ കൂട്ടമായി എത്തുന്ന വന്യമൃഗങ്ങൾ നശിപ്പിക്കാൻ തുടങ്ങിയതോടെ ഹെക്ടർ കണക്ക് കൃഷി ഭൂമികളാണ് തരിശിട്ടിരിക്കുന്നത്. കുരിശുമല , പന്നിമല , അടിവാരങ്ങളിലും ആറാട്ടുകുഴി, കൂതാളി, കാക്കതൂക്കി, തേക്കുപാറ, അമ്പൂരി, പ്രദേശങ്ങളിൽ കർഷകന് ഒരു നാളികേരംപോലും ലഭിക്കാത്ത അവസ്ഥയാണ്. എല്ലാമേഖലയിലും പ്രതിസദ്ധി തൊഴിലാളി കുടുംബങ്ങളെ അർദ്ധപട്ടിണിയിലാക്കിരിക്കുകയാണ്.