rsp

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെയും കേരള മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് മൂലധനശക്തികളാണെന്ന് ആർ.എസ്.പിയുടെ കരട് രാഷ്ട്രീയപ്രമേയം. ഈ ഭരണാധികാരികൾ തങ്ങളുടെ പേരും യശസ്സും ഉയർത്താനായി പൊതുഖജനാവിൽ നിന്ന് ഭീമമായ തുക ചെലവിട്ട് തട്ടിപ്പ് പദ്ധതികൾ ആസൂത്രണം ചെയ്യുകയാണെന്നും ആർ.എസ്.പിയുടെ സംസ്ഥാനസമ്മേളനത്തിൽ അവതരിപ്പിക്കുന്ന കരട് രാഷ്ട്രീയപ്രമേയം കുറ്റപ്പെടുത്തുന്നു.

കരട് പ്രമേയം പാർട്ടി സംസ്ഥാനസമ്മേളനത്തിൽ ഇന്ന് രാവിലെ എൻ.കെ. പ്രേമചന്ദ്രൻ എം.പി അവതരിപ്പിക്കും.

'ഫാസിസ്റ്റ് ഭരണാധികാരിയായിരുന്ന നരേന്ദ്രമോദി എന്ന് ചരിത്രം രേഖപ്പെടുത്തുന്ന തരത്തിലാണ് പ്രധാനമന്ത്രിയുടെ പ്രവർത്തനം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിച്ച് തന്റെ വസ്ത്രത്തിന്റെ വർണ്ണവൈവിദ്ധ്യം വിളിച്ചറിയിക്കാൻ ആയിരത്തിലധികം കോടിയാണ് ചെലവിട്ടത്. ഇല്ലാത്ത വികസനങ്ങൾ ഉയർത്തിക്കാട്ടുന്നതിന് നുണകൾ പ്രചരിപ്പിക്കാനും തയാറാകുന്നു. ഇത്തരം കാര്യങ്ങളിൽ പ്രധാനമന്ത്രിയോട് കിടപിടിക്കുന്ന പ്രവർത്തനമാണ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും കാഴ്ചവയ്ക്കുന്നത്'- പ്രമേയം വിമർശിക്കുന്നു.

'അധികാരകേന്ദ്രീകരണം വഴി പാർട്ടി വ്യക്ത്യധിഷ്ഠിതമാകുമ്പോൾ ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിക്കും അതിന്റെ ഭരണകൂടത്തിനും സംഭവിക്കുന്ന അപചയം ഉദാഹരിക്കാൻ സ്റ്റാലിനിസ്റ്റ് റഷ്യയുടെ ചരിത്രം പരിശോധിച്ചാൽ മതി. വ്യക്തികേന്ദ്രീകൃത രാഷ്ട്രീയത്തിന്റെ മുഖമായി സ്റ്റാലിൻ മാറിയപ്പോൾ കേന്ദ്രീകൃത ജനാധിപത്യമെന്ന ലെനിനിസ്റ്റ് ശൈലിക്ക് ഗ്ലാനി സംഭവിച്ചു. അതുതന്നെയാണ് വർത്തമാനകേരളത്തിലും സംഭവിക്കുന്നത്. പിണറായി സർക്കാരിലെ പല മന്ത്രിമാരും നോക്കുകുത്തികളാണ്.'

ശബരിമല വിധി സ്വാഗതാർഹം, പക്ഷേ...

'സ്ത്രീപുരുഷ സമത്വത്തിലധിഷ്ഠിതമായ ഭരണഘടന മൗലികാവകാശം ഉയർത്തിപ്പിടിച്ച സുപ്രീംകോടതിയുടെ ശബരിമല സ്ത്രീപ്രവേശന വിധി മാർക്സിസ്റ്റ്- ലെനിനിസ്റ്റ് പ്രസ്ഥാനമായ ആർ.എസ്.പിക്ക് സ്വാഗതം ചെയ്യാതിരിക്കാനാവില്ല. സ്വാഗതം ചെയ്യപ്പെടുമ്പോൾ തന്നെ ബഹുസ്വരത നിലനിൽക്കുന്ന ജനാധിപത്യസമൂഹത്തിൽ ഉപദ്രവകരമല്ലാത്ത വിശ്വാസവും ആചാരവും പരിരക്ഷിക്കാനുള്ള ബാദ്ധ്യത സമൂഹത്തിനുണ്ട്. അതിന്റെ പേരിൽ വോട്ട്ബാങ്ക് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയക്കളിയെ തുറന്ന് കാട്ടാതിരിക്കാനാകില്ല. അതുകൊണ്ടാണ് വിശ്വാസിസമൂഹത്തെ മുൻനിറുത്തി സി.പി.എമ്മും ബി.ജെ.പിയും നടത്തുന്ന തരംതാണ രാഷ്ട്രീയത്തെ തുറന്നുകാട്ടാൻ ആർ.എസ്.പി തയാറായത്'- കരട് പ്രമേയം ചൂണ്ടിക്കാട്ടുന്നു.