പാലോട്: എ.പി.ജെ അബ്‌ദുൽ കലാമിന്റെ നാമധേയത്തിൽ പുതിയൊരു സസ്യം. പാലോട് ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യുട്ടിലെ ശാസ്ത്രജ്ഞരാണ് പുതിയ സസ്യത്തെ കണ്ടെത്തിയത്. 'യൂജിനിയ കലാമി ' എന്ന് പേരിട്ടിരിക്കുന്ന സസ്യത്തെ വയനാട് ജില്ലയിലെ പേരിയ വന പ്രദേശത്തു നിന്നാണ് കണ്ടെത്തിയതെന്ന് ഗവേഷകൻ എസ്.എം. ഷെരീഫ് പറഞ്ഞു. ഏകദേശം ഒരു മീറ്റർ വരെ മാത്രം പൊക്കം വയ്‌ക്കുന്ന ഈ കുറ്റിച്ചെടിയിൽ ചെറിയ വെള്ളപ്പൂക്കളും ചുവന്ന ഭക്ഷ്യ യോഗ്യമായ പഴങ്ങളുമുണ്ട്. ഈ ജനുസിൽപ്പെടുന്ന ഇരുപത്തിരണ്ട് സ്‌പീഷ്യസുകൾ മാത്രമാണ് പശ്ചിമഘട്ടത്തിൽ ഇതേവരെ കണ്ടെത്തിയിട്ടുള്ളത്. നാട്ടിൻപുറങ്ങളിൽ നട്ടുപിടിപ്പിക്കുന്ന സുറിനം ചെറി ഈ ജനുസിൽപ്പെട്ട സസ്യമാണെന്ന് ഗവേഷകർ പറയുന്നു. 'പ്ലാന്റ് സയൻസ് ടുഡേ'യുടെ പുതിയ ലക്കത്തിൽ ചെടിയെ സംബന്ധിച്ചുള്ള ലേഖനം ഉണ്ട്. സന്തോഷ് കുമാർ, ഷാജു, പ്രകാശ് കുമാർ എന്നിവരും ഗവേഷക സംഘത്തിലുണ്ടായിരുന്നു.