ranji-trophy-kerala-win
ranji trophy kerala win

ഇൗഡൻ ഗാർഡൻസിൽ ബംഗാളിനെ

മുട്ടുകുത്തിച്ച് കേരളം

കൊൽക്കത്ത : രണ്ടുവട്ടം രഞ്ജിട്രോഫി ചാമ്പ്യന്മാരാവുകയും 11 തവണ റണ്ണർ അപ്പുകളാവുകയും ചെയ്തിട്ടുള്ള ബംഗാളിനെ കൊൽക്കത്ത ഇൗഡൻ ഗാർഡൻസ് മൈതാനത്ത് ചെന്ന് ഒമ്പത് വിക്കറ്റിന് കീഴടക്കിയ സച്ചിൻ ബേബിയും കൂട്ടരും രഞ്ജി ട്രോഫി ഗ്രൂപ്പ് റൗണ്ട് മത്സരത്തിൽ കേരള ക്രിക്കറ്റിന് നൽകിയത് എക്കാലവും ഒാർമ്മയിൽ സൂക്ഷിക്കാവുന്ന വിജയം.

ആദ്യമായി ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിൽ ബംഗാളിനെ നേരിടാനിറങ്ങിയ കേരളം മൂന്നുദിവസം കൊണ്ടാണ് വിജയം കൊയ്തെടുത്തത്. ഇൗ സീസണിലെ മൂന്ന് മത്സരങ്ങളിൽ കേരളത്തിന്റെ തുടർച്ചയായ രണ്ടാം വിജയമായിരുന്നു ഇത്. ഇതോടെ എലൈറ്റ് ബി ഗ്രൂപ്പിൽ 13 പോയിന്റുമായി കേരളം ഒന്നാമതെത്തുകയും ചെയ്തു.

ഇന്ത്യൻ താരങ്ങളായ മുഹമ്മദ് ഷമി, മനോജ് തിവാരി, എ.ബി. ധിൻദ തുടങ്ങിയവർ അണിനിരന്ന ടീമിനെയാണ് കേരളം ഇന്നലെ ചുരുട്ടിക്കെട്ടിയത്. ഇൗഡൻ ഗാർഡൻസിൽ ബംഗാളിനെ ആദ്യ ഇന്നിംഗ്സിൽ 147 ന് ആൾ ഒൗട്ടാക്കിയ കേരളം 291 റൺസിന് ആൾ ഒൗട്ടായിരുന്നു. തുടർന്ന് ബംഗാളിനെ രണ്ടാം ഇന്നിംഗ്സ് ഇന്നലെ 184 ൽ അവസാനിപ്പിച്ചശേഷം ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി. വിജയലക്ഷ്യമായ 41 റൺസിലെത്തുകയായിരുന്നു.

ആദ്യ ഇന്നിംഗ്സിൽ നാലുവിക്കറ്റ് വീഴ്ത്തിയ ബേസിൽ തമ്പിയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ എം.ഡി. നിതീഷും രണ്ട് വിക്കറ്റ് വീഴ്ത്തിയ സന്ദീപ് വാര്യരും ചേർന്നാണ് ബംഗാളിനെ ചുരുട്ടിയത്. ജലജ് സാക്‌‌സേന ഒരു വിക്കറ്റ് വീഴ്ത്തി. മറുപടി ഇന്നിംഗ്സിൽ ജലജ് 143 റൺസ് നേടി കേരളത്തിനെ 144 റൺസ് ലീഡിലെത്തിച്ചു. രണ്ടാം ഇന്നിംഗ്സിൽ സന്ദീപ് വാര്യർ 33 റൺസ് വഴങ്ങി അഞ്ചുവിക്കറ്റ് വീഴ്ത്തിയപ്പോൾ ബേസിൽ തമ്പിക്ക് മൂന്ന് വിക്കറ്റ് ലഭിച്ചു. ജലജിനും നിതീഷിനും ഒാരോ വിക്കറ്റ് ലഭിച്ചു.

രണ്ടാം ഇന്നിംഗ്സിൽ കേരളത്തിന് ജലജിന്റെ (26) വിക്കറ്റ് മാത്രമാണ് നഷ്ടമായത്. ഇൗ വിജയത്തോടെ ആറുപോയിന്റുകളാണ് കേരളത്തിന് സ്വന്തമായത്.

ഇന്നലെ 5/1 എന്ന നിലയിൽ രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ബംഗാളിനെ സന്ദീപും ബേസിലും ചേർന്ന് അരിഞ്ഞിടുകയായിരുന്നു. 62 റൺസെടുത്ത ക്യാപ്ടൻ മനോജ് തിവാരിക്ക് മാത്രമാണ് പിടിച്ചുനിൽക്കാനായത്. എസ്.ഡി ചാറ്റർജി (39), വിവേക് സിംഗ് (25), എ.പി. മജുംദാർ '(23), എ. രാമൻ (13) എന്നിവർ മാത്രമാണ് ആതിഥേയ നിരയിൽ രണ്ടക്കം കടന്നത്.

ഇൗമാസം 28ന് തുമ്പയിൽ മധ്യപ്രദേശിനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.