പാറശാല: മലിനജലം ദേശീയ പാതക്ക് കുറുകെ ഒഴുകാൻ തുടങ്ങിയിട്ട് ആഴ്ചകളായി. ദേശീയപാതയിൽ പാറശാല ജംഗ്‌ഷന് സമീപം കാരാളി ജംഗ്‌ഷനിലാണ് മലിനജലം റോഡിലൂടെ ഒഴുകുന്നത്. സമീപവാസികളായ നാട്ടുകാർക്കും വാഹനങ്ങൾക്കും പരിസര മലിനീകരണം ഉൾപ്പെടെയുള്ള ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതിന് പുറമെ അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെങ്കിലും യാതൊരു നടപടികളും സ്വീകരിക്കാൻ അധികൃതർ തയാറാകുന്നിലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. റോഡിന് ഒരു വശത്തായുള്ള ഓട മണ്ണ് വീണ് നിറഞ്ഞത് കാരണം മലിനജലം റോഡിന് കുറുകെ ഒഴുകുന്നത് ദേശീയ പാതയുടെ പണികൾ നടത്തിവരുന്ന പി.ഡബ്ള്യു.ഡി.അധികൃതരെ നാട്ടുകാർ അറിയിച്ചു. എന്നാൽ അധികൃതർ തിരിഞ്ഞു നോക്കാൻ പോലും കൂട്ടാക്കാത്താണ് അധികൃതരുടെ നടപടി. ദേശീയപാതക്കായി പ്രത്യേക അധികാരികൾ ഉള്ളതുകൊണ്ട് തന്നെ നടപടികൾ സ്വീകരിക്കാതെ പാറശാല പഞ്ചായത്ത് അധികൃതരും കണ്ണടക്കുകയാണ്. മലിന ജലം പതിവായിട്ട് റോഡിലൂടെ ഒഴുകിയത് കൊണ്ട് തന്നെ റോഡിൽ അവിടവിടെയായിട്ട് വൻ അപകടക്കുഴികളും രൂപപ്പെട്ടിട്ടുണ്ട്. നിരവധി അപകടങ്ങൾ നടന്നിട്ടുള്ള ഭാഗത്താണ് അപകടക്കുഴികളും രാത്രിയായാൽ റോഡിലെ കുഴികൾ കാണാൻ കഴിയാത്തത് കാരണം ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽ പെടാറുള്ളത് പതിവാണ്.