തിരുവനന്തപുരം: ആർദ്രം മിഷന്റെ ഭാഗമായി സംസ്ഥാനത്തെ 155 പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ കുടുംബാരോഗ്യകേന്ദ്രങ്ങളായി വികസിപ്പിച്ചു. ആർദ്രം മിഷന്റെ പ്രവർത്തനം മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം അവലോകനം ചെയ്തു. ആരോഗ്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ പ്രവർത്തന പുരോഗതി വിശദീകരിച്ചു. കുടുംബാരോഗ്യകേന്ദ്രങ്ങളിൽ ഒ.പിയിലെത്തുന്ന രോഗികളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷവും ഒ.പി പ്രവർത്തിക്കുന്നത് സാധാരണ തൊഴിലാളികൾക്ക് വലിയ സഹായമായി. എല്ലാ സ്ഥാപനങ്ങളിലും നഴ്‌സുമാരുടെ പ്രാഥമിക ചെക്കപ്പിന് ശേഷമാണ് ഡോക്ടറുടെ പരിശോധന. എട്ടു കേന്ദ്രങ്ങൾ നിർമാണഘട്ടത്തിലാണ്. ഈ സാമ്പത്തിക വർഷം 503 പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ കൂടി കുടുംബാരോഗ്യകേന്ദ്രങ്ങളായി മാറ്റാനാണ് സർക്കാരിന്റെ ലക്ഷ്യം. കുടുംബാരോഗ്യ കേന്ദ്രങ്ങൾക്കുവേണ്ടി 830 തസ്തികകൾ കൂടുതലായി സൃഷ്ടിച്ചു. പുതിയ തസ്തികകളിൽ 340 എണ്ണം സ്റ്റാഫ് നഴ്‌സിന്റെയും 170 ഡോക്ടർമാരുടെതും 170 ലാബ് ടെക്‌നിഷ്യൻമാരുടെയും 150 ഫാർമസിസ്റ്റുകളുടേതുമാണ്. വിഷാദരോഗികകളെ കണ്ടെത്താനുളള 'ആശ്വാസം' പദ്ധതി നല്ല ഫലം ചെയ്യുന്നുണ്ട്. ആർദ്രം മിഷന്റെ ഭാഗമായി ജീവിതശൈലീ രോഗങ്ങളുടെ നിയന്ത്രണത്തിനും പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. കാൻസർ, പക്ഷാഘാതം മുതലായ രോഗങ്ങൾ നിയന്ത്രിക്കുന്നതിനും ഫലപ്രദമായ പദ്ധതികൾ ആരംഭിച്ചു. 20 ജില്ലാ കാൻസർ ചികിത്സാകേന്ദ്രങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. 2018-19 ൽ 28 താലൂക്ക് ആശുപത്രികൾ വികസിപ്പിച്ച് രോഗീസൗഹൃദമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ജില്ലാ-ജനറൽ ആശുപത്രികളിലെ ഔട്ട് പേഷ്യന്റ് വിഭാഗവും മെച്ചപ്പെടുത്തി രോഗീസൗഹൃദമാക്കുകയാണ്. 13 ആശുപത്രികളിൽ ഇതിനുളള നടപടികൾ ആരംഭിച്ചു.യോഗത്തിൽ മന്ത്രിമാരായ കെ.കെ. ശൈലജ, തോമസ് ഐസക് എന്നിവരും ചീഫ് സെക്രട്ടറി ടോം ജോസ് ഉൾപ്പെടെയുള്ള പ്രധാന ഉദ്യോഗസ്ഥരും പങ്കെടുത്തു.