chennithala

തിരുവനന്തപുരം: ശബരിമലയിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞ ഉടൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. കഴിഞ്ഞ ദിവസം ഗവർണർക്കും ഇതേ ആവശ്യം ഉന്നയിച്ച് നിവേദനം നൽകിയിരുന്നു.
144 പ്രഖ്യാപിച്ചത് ഭക്തജനങ്ങളെ ശബരിമലയിൽ നിന്ന് അകറ്റാനേ സഹായിച്ചിട്ടുള്ളു. കേരളത്തിന് വെളിയിൽനിന്ന് വരുന്ന ഭക്തർക്ക് ഭയം കാരണം ദർശനം നടത്താതെ മടങ്ങേണ്ടുന്ന അവസ്ഥയാണ്. 16,000 പൊലീസുകാരെ അവിടെ വിന്യസിച്ചതുവഴി ഭീകരാന്തരീക്ഷമാണ് സംജാതമായത്. ശബരിമലയിൽ അരുതാത്തതെന്തോ സംഭവിക്കാൻ പോകുന്നു എന്നും അവിടെ ക്രമസമാധാന നില പാടെ തകർന്നു എന്നുമുള്ള പ്രതീതിയാണ് പുറത്ത്.
കഴിഞ്ഞ വർഷം 5 ലക്ഷത്തിലധികം പേർ സന്നിധാനത്തെത്തിയിരുന്ന സ്ഥാനത്ത് 75,000 ആയി ചുരുങ്ങി. നിയന്ത്രണങ്ങളും നിരോധനാജ്ഞയും ശബരിമലയുടെ പരിപാവനതയ്ക്ക് കളങ്കമുണ്ടാക്കി. ഈ നില തുടരുന്നത് അഭികാമ്യമല്ലെന്നും ചെന്നിത്തല കത്തിൽ വ്യക്തമാക്കി.