മലയിൻകീഴ്: തൃക്കാർത്തിക നാളിൽ നാടുമുഴുവൻ ദീപക്കാഴ്ചയൊരുക്കാൻ പാമാംകോട് പാലം തലയ്ക്കൽ വീട്ടിൽ വിജയന്റെ മൺചെരാതുകൾ തയാറായിക്കഴിഞ്ഞു. കുലത്തൊഴിലിന്റെ മഹിമ നൽകുന്ന സന്തോഷത്തിലും സംതൃപ്തിയിലുമാണ് കാർത്തിക വിളക്കുകൾ നാട്ടിൽ തെളിയുന്നത്. വർഷങ്ങളായി വിജയന്റെ ഉപജീവനമാർഗവുമാണിത്. മുൻകാലങ്ങളിൽ തൃക്കാർത്തികയ്ക്ക് ദീപം തെളിക്കാൻ കളി മണ്ണിലുള്ള ചെരാതുകൾ മാത്രമാണ് ഉപയോഗിച്ചിരുന്നത്. കാലം മാറിയതോടെ മെഴുകുതിരിയും ഫൈബറിൽ തീർത്ത വിളക്കുകളും കടന്നുകൂടി. മൺചെരാതുകൾ അപൂർവ കാഴ്ചയായി. എന്നാൽ പാരമ്പര്യമായി കിട്ടിയ കുലത്തൊഴിൽ കൈവിടാൻ വിജയൻ കൂട്ടാക്കാറില്ല. ഒരോ കാർത്തികയ്ക്കും വിജയൻ മൺചെരാതുകൾ നിർമ്മിക്കും. കളിമൺപാത്ര നിർമ്മാണങ്ങളുടെ ഗ്രാമ മായിരുന്ന ഇവിടെ നിരവധി കുടുംബങ്ങൾ മൺപാത്ര നിർമ്മാണം കുലത്തൊഴിലായി സ്വീകരിച്ച് ഉപജീവനം നടത്തിയിരുന്നു. ഈ മേഖല തകർച്ചയിലായതോടെ പലരും മറ്റ് തൊഴിലുകളിലേക്ക് മാറി. പുതിയ തലമുറ മൺപാത്ര നിർമ്മാണത്തിൽ താത്പര്യമില്ലാതായി. എന്നിട്ടും വിജയൻ ഇപ്പോഴും വീട്ടുമുറ്റത്തെ പണിശാലയിൽ പരമ്പരാഗത രീതിയിൽ കളിമണ്ണ് കുഴച്ച് ചക്രം കറക്കിയാണ് മൺചെരാതുകൾ നിർമ്മിക്കുന്നത്. കളിമണ്ണിന്റെ ലഭ്യതക്കുറവും സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാത്തതും ഈ തൊഴിൽ ഉപേക്ഷിക്കാൻ കാരണമായതെന്നാണ് വിജയൻ പറയുന്നത്. കളിമണ്ണെടുക്കാനും ജിയോളജി പാസ് ഏർപ്പെടുത്തിയിട്ടുണ്ട്. ഒരുലോറി മണ്ണിന് ഇപ്പോൾ പതിനായിരത്തിലധികമാണ് വില. പരമ്പരാഗതമായി ഈ തൊഴിൽ ചെയ്യുന്നവർക്ക് മണ്ണെടുക്കുന്നതിൽ ഇളവ് നൽകിയില്ലെങ്കിൽ കുലത്തൊഴിൽ ഉപേക്ഷിക്കേണ്ടി വരുമെന്നും വിജയൻ പറയുന്നു. മൺചെരാതുകൾക്കു പുറമേ മണ്ണിലുള്ള പൊങ്കാല കലങ്ങൾ, ചെറിയ കലശങ്ങൾ, കൂജ, ചെടിച്ചട്ടികൾ, പൂജയ്ക്കാവശ്യമായവയും വിജയന്റെ പണിശാലയിൽ നിർമ്മിക്കുന്നുണ്ട്.