തിരുവനന്തപുരം: മന്ത്രിസ്ഥാനത്തെച്ചൊല്ലി സംസ്ഥാന പ്രസിഡന്റ് കെ. കൃഷ്ണൻകുട്ടിയും മന്ത്രി മാത്യു ടി. തോമസും തമ്മിലുള്ള തർക്കം രൂക്ഷമായതോടെ ജനതാദൾ-എസിന്റെ മൂന്ന് എം.എൽ.എമാരെയും പാർട്ടി ദേശീയ അദ്ധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ വീണ്ടും വിളിച്ചു. എന്നാൽ, ബംഗളൂരുവിലെത്തി കാണാനുള്ള നിർദ്ദേശം മാത്യു ടി.തോമസ് നിരസിച്ചു. മൂന്നാഴ്ച മുമ്പ് ദേവഗൗഡ വിളിപ്പിച്ചപ്പോഴും മാത്യു ടി. തോമസ് ഇതേ നിലപാടാണ് അറിയിച്ചത്. കൃഷ്ണൻകുട്ടിയും സി.കെ. നാണുവും ഇന്നലെ വൈകിട്ട് ബംഗളൂരുവിലേക്ക് തിരിച്ചു.
തനിക്കും കുടുംബത്തിനുമെതിരെ അടുത്തകാലത്തായി ഉയർന്നുവന്ന ആരോപണങ്ങൾക്കു പിന്നിൽ മറുചേരിയാണെന്നും വ്യക്തിഹത്യയിലൂടെ അപമാനിച്ച് പുറത്താക്കാനുള്ള നീക്കത്തിന് നിന്നു കൊടുക്കാനാവില്ലെന്നുമാണ് മാത്യു ടി. തോമസിന്റെ നിലപാട്. മന്ത്രിസ്ഥാനത്തുനിന്ന് മാറാനുള്ള വിഷമമല്ല, തന്റെ സ്റ്റാഫിലെ മുൻ ജീവനക്കാരിയെ ചട്ടുകമാക്കി കള്ളക്കേസ് ചമച്ച് ആക്രമിക്കുന്നതിലുള്ള വേദനയാണ് അദ്ദേഹം അടുപ്പമുള്ളവരോട് പങ്കുവയ്ക്കുന്നത്. ഇക്കാര്യം കേന്ദ്രനേതൃത്വത്തിന് മുന്നിലും അവതരിപ്പിച്ചിട്ടുണ്ട്. അപമാനിച്ച് പുറത്താക്കാൻ ശ്രമിക്കുന്ന വിഭാഗവുമായി ചർച്ചയ്ക്ക് പ്രസക്തിയില്ലെന്നാണ് നിലപാട്. ഈ സ്ഥിതിക്ക് ഏകപക്ഷീയമായി മന്ത്രിസ്ഥാനത്തുനിന്ന് നീക്കിയാൽ പാർട്ടി പിളരാനുള്ള സാദ്ധ്യതയും തള്ളാനാവില്ല.
രണ്ടര വർഷത്തിനുശേഷം മന്ത്രിസ്ഥാനം വിട്ടുനൽകാമെന്ന് മന്ത്രിസഭാ രൂപീകരണ വേളയിൽ ധാരണ ഉണ്ടായിരുന്നെന്നും അതിനാൽ മാത്യു ടി. തോമസിനെ മാറ്റി തന്നെ മന്ത്രിയാക്കണമെന്നുമാണ് കൃഷ്ണൻകുട്ടിയുടെ നിലപാട്. അങ്ങനെ ധാരണയില്ലെന്നാണ് മന്ത്രി പറയുന്നത്. മുമ്പ് ദേവഗൗഡയുടെ സാന്നിദ്ധ്യത്തിൽ ഇക്കാര്യം ഉന്നയിക്കപ്പെട്ടപ്പോൾ ആരും അത് സ്ഥിരീകരിച്ചിട്ടില്ലെന്നും അദ്ദേഹം വാദിക്കുന്നു. അതേസമയം, വിഷയം പാർട്ടി സംസ്ഥാന നേതൃയോഗങ്ങളിൽ ചർച്ചയായപ്പോൾ കൃഷ്ണൻകുട്ടിയെ അനുകൂലിച്ച് കൂടുതൽ പേരെത്തി. ഇതേത്തുടർന്നാണ് അന്തിമതീരുമാനം കേന്ദ്ര നേതൃത്വത്തിന് വിട്ടത്. പാർട്ടിയിലെ ഭൂരിപക്ഷം തങ്ങൾക്കൊപ്പമാണെന്നാണ് കൃഷ്ണൻകുട്ടി വിഭാഗത്തിന്റെ നിലപാട്.
ദേശീയ അദ്ധ്യക്ഷൻ വിളിച്ച യോഗത്തിൽ പങ്കെടുക്കാൻ മന്ത്രി കൂട്ടാക്കാത്തത് തികഞ്ഞ അച്ചടക്കലംഘനമാണെന്ന് കൃഷ്ണൻകുട്ടി വിഭാഗം വാദിക്കുന്നു. ശബരിമല വിവാദവും മറ്റും കത്തിനിൽക്കുന്നതിനിടയിൽ ഒരു മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുഖ്യമന്ത്രി പച്ചക്കൊടി കാട്ടുമോയെന്നതും കണ്ടറിയണം.