crime

പാലോട്: യുവതി തൂങ്ങി മരിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. പെരിങ്ങമ്മല അഗ്രി ഫാം പന്നിയോട്ട് കടവ് കിഴക്കുംകര പുത്തൻവീട്ടിൽ സുജിത്ത് (24) ആണ് അറസ്റ്റിലായത്.കഴിഞ്ഞ 15 നാണ് ഇയാളുടെ ഭാര്യ കൊല്ലം തലവൂർ നെടുത്തേരി നെറ്റിയോട്ട് തെക്കേക്കരയിൽ സുചിത്ര ഭവനിൽ സുചിത്രയെ പന്നിയോട്ട് കടവിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. എറണാകുളത്തെ സ്വകാര്യ കമ്പനിയിൽ ഒരുമിച്ച് ജോലി നോക്കവേ ഇരുവരും പ്രണയിച്ച് വിവാഹിതരാവുകയായിരുന്നു. ദമ്പതികൾക്ക് ഒരു കുട്ടി ജനിച്ച ശേഷം സുജിത്ത് മദ്യപിച്ചെത്തി ഭാര്യയെ മർദിക്കാറുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. സുചിത്ര മരിക്കുന്നതിന് മുമ്പുള്ള ദിവസം സുജിത്ത് സ്വർണ്ണമാല പണയം വച്ച് വില കൂടിയ മൊബൈൽ ഫോൺ വാങ്ങിയിരുന്നു. ഇതു സംബന്ധിച്ച വാക്കു തർക്കത്തിനിടെ സുജിത്ത് ഭാര്യയെ ക്രൂരമായി മർദിച്ചുവത്രെ. പിറ്റേ ദിവസമാണ് സുചിത്രയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.സ്ത്രീപീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങളാണ് സുജിത്തിനെതിരെ . പാലോട് സി.ഐ കെ.ബി മനോജ് കുമാർ, എസ്.ഐ അഷ്റഫ് ,എ.എസ്.ഐ അൻസാരി, സി.പി.ഒമാരായ മനു, ശ്രീജിത്ത്, രാജേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.