തിരുവനന്തപുരം: വധശ്രമവും കഞ്ചാവു കേസുമുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ഗുണ്ടയെ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തു. തിരുമല പുന്നയ്ക്കാമുകൾ തേലീഭാഗം കല്ലറവടം ക്ഷേത്രത്തിന് സമീപം ധന്യ നിവാസിൽ ധനേഷാണ് (സിങ്കം ധനേഷ്, 35) പിടിയിലായത്. നഗരത്തിൽ അക്രമം നടത്താൻ പദ്ധതിയിട്ട് മാരകായുധങ്ങളുമായി കാറിൽ സഞ്ചരിക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് രോഹിണി ലോഡ്ജിനു മുൻവശത്തുവച്ച് വാഹനം തടഞ്ഞ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾ സഞ്ചരിച്ചിരുന്ന കാറിൽ നിന്ന് വാളുകളും ഇരുമ്പ് പൈപ്പുകളും കമ്പികളും കണ്ടെടുത്തു. ധനേഷിനെതിരെ മ്യൂസിയം, പൂജപ്പുര, കരമന, റെയിൽവേ പൊലീസ് സ്റ്റേഷനുകളിലും എക്സൈസിലും കേസ് നിലവിലുണ്ട്.
മെഡിക്കൽ കോളേജ് എസ്.എച്ച്.ഒ സി. ബിനുകുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ പി. ഹരിലാൽ, സതീഷ് ശേഖർ, ക്രൈം എസ്.ഐ സാബു, എ.എസ്.ഐമാരായ പുഷ്പരാജൻ, ലാൽ കുമാർ, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ബാബു, ശ്രീജിത്ത്, വിനീത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതി ഇയാളെ റിമാൻഡ് ചെയ്തു.