ഇന്നും തോറ്റാൽ ഇന്ത്യയ്ക്ക് പരമ്പര നഷ്ടം
ടി.വി ലൈവ്: ഉച്ചയ്ക്ക് 1.20 മുതൽ
ടെൻ ചാനലുകളിൽ
മെൽബൺ : ഇന്ന് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ആസ്ട്രേലിയയ്ക്കെതിരെ രണ്ടാം ട്വന്റി 20 മത്സരത്തിനിറങ്ങുമ്പോൾ ഇന്ത്യൻ ക്യാപ്ടൻ വിരാട് കൊഹ്‌ലിക്ക് ഒറ്റ ലക്ഷ്യമേയുള്ളൂ. പരമ്പര കൈവിടാതിരിക്കാൻ ഒരു വിജയം.
ബ്രിസ്‌ബേനിൽ നടന്ന ആദ്യമത്സരത്തിൽ ആസ്ട്രേലിയയെക്കാൾ കൂടുതൽ റൺസടിച്ചിട്ടും മഴ നിയമം ഇന്ത്യയെ നാല് റൺസിന് തോൽപ്പിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ആസ്ട്രേലിയ 17 ഒാവറിൽ നേടിയ 158/4 എന്ന സ്കോറിനെതിരെ 17 ഒാവറിൽ 169/7 ലെത്തിയായിരുന്നു ഇന്ത്യയുടെ തോൽവി.
മൂന്ന് ട്വന്റി 20 കളാണ് ഇൗ പര്യടനത്തിൽ ഇന്ത്യ ആസ്ട്രേലിയയ്ക്കെതിരെ കളിക്കുന്നത്. ബ്രിസ്‌ബേനിൽ ആദ്യമത്സരത്തിനിറങ്ങുമ്പോൾ ഇന്ത്യയ്ക്കായിരുന്നു കണക്കുകളിൽ മുൻതൂക്കം. കഴിഞ്ഞ 15 ട്വന്റി 20 കളിൽ 13 എണ്ണവും ജയിച്ച റെക്കാഡുമായാണ് ഇന്ത്യ ബ്രിസ്‌ബേനിലിറങ്ങിയത്. ആസ്ട്രേലിയയാകട്ടെ തുടർച്ചയായി നാല് ട്വന്റി 20 കൾ തോറ്റതിന്റെ ക്ഷീണത്തിലും. എന്നാൽ ബ്രിസ്ബേനിൽ പെയ്ത മഴ ഉണങ്ങിക്കിടന്ന ആസ്ട്രേലിയൻ സ്വപ്നങ്ങളെയെല്ലാം മുളപ്പിച്ചിരിക്കുകയാണിപ്പോൾ. സ്വന്തം മണ്ണിൽ ആസ്ട്രേലിയയെ കീഴടക്കുകയെന്നത് വലിയ വെല്ലുവിളിയാണെന്ന് കൊഹ്‌ലിക്ക് ഇപ്പോൾ ശരിക്കും മനസിലാകുന്നുണ്ടാകും.
ഒറ്റയാൾ പോരാട്ടങ്ങൾകൊണ്ട് വിദേശമണ്ണിൽ വിജയിക്കുക പ്രയാസമാണെന്ന് ബ്രിസ്ബേനിലെ കളി തെളിയിക്കുന്നു. ശിഖർ ധവാൻ 42 പന്തുകളിൽ 76 റൺസടിച്ചിട്ടും ഇന്ത്യയ്ക്ക് ലക്ഷ്യത്തിലെത്താനായില്ല. മുൻ നിരയിൽ മികച്ച കൂട്ടുകെട്ടുകൾ സൃഷ്ടിക്കാനാകാത്തതും നിർണായക ഘട്ടത്തിൽ ഋഷഭ് പന്തും ദിനേഷ് കാർത്തിക്കും പുറത്തായതുമാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്.
മെൽബണിൽ ഇന്ത്യയും ആസ്ട്രേലിയയും അവസാനമായി ട്വന്റി 20 യിൽ ഏറ്റുമുട്ടിയത് 2015/16 ലായിരുന്നു. അന്ന് ഇന്ത്യയ്ക്കായിരുന്നു വിജയം.
ടീമുകൾ ഇവരിൽനിന്ന്
ഇന്ത്യ: കൊഹ്‌ലി (ക്യാപ്ടൻ), രോഹിത് ശർമ്മ, ശിഖർ ധവാൻ, ലോകേഷ് രാഹുൽ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ദിനേഷ് കാർത്തിക്, ഋഷഭ് പന്ത്, കുൽദീപ് യാദവ്, ചഹൽ, വാഷിംഗ്ടൺ സുന്ദർ, ക്രുനാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, ജസ്‌പ്രീത് ബുംറ, ഉമേഷ് യാദവ്, ഖലീൽ അഹമ്മദ്.
ആസ്ട്രേലിയ : ആരോൺ ഫിഞ്ച് (ക്യാപ്ടൻ), ആഷ്‌ടൺ ആഗർ, ബ്രെൻ ഡോർഫ്, അലക്സ് കാരേയ്, കൗട്ടർനിലെ, ക്രിസ്‌ലിൻ, ഗ്ളെൻ മാക്‌സ്‌വെൽ, ബെൻ മക്‌ഡർമോട്ട്, ഡി.ആർ.കി ഷോർട്ട്, സ്റ്റാൻലേക്ക്, സ്റ്റോയ്‌നിസ്, ആൻഡ്രൂ ടൈ, ആദം സാംപ.