ആലപ്പുഴ: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവമായ ഇന്ന് പുലർച്ചെ 4 ന് ഗണപതിഹോമത്തോടെ ചടങ്ങുകൾ ആരംഭിച്ചു. 8.30 ന് വിളിച്ചുച്ചൊല്ലി പ്രാർത്ഥന നടന്നു. തുടർന്ന് ആദ്ധ്യാത്മിക സംഗമം ക്ഷേത്രം കാര്യദർശി മണിക്കുട്ടൻനമ്പൂതിരി ഉദ്ഘാടനം ചെയ്തു. ഗോകുലം ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഗോകുലം ഗോപാലൻ പൊങ്കാല ഉദ്ഘാടനം ചെയ്തു. തുടർന്ന് ദേവിയെ ശ്രീകോവിലിൽ നിന്ന് എഴുന്നള്ളിച്ച് പണ്ടാര അടുപ്പിൽ ക്ഷേത്രം മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി അഗ്നി പകർന്നു.
നിമിഷനേരങ്ങൾക്കുള്ളിൽ ക്ഷേത്രവും പരിസരവും യാഗശാലയായി മാറി. തുടർന്ന് അഞ്ഞൂറിലധികം വേദപണ്ഡിതന്മാരുടെ മുഖ്യകാർമ്മികത്വത്തിൽ ദേവിയെ 41 ജീവതകളിൽ എഴുന്നള്ളിച്ച് പൊങ്കാല നിവേദിക്കും. തുടർന്ന് ദിവ്യ അഭിഷേകവും ഉച്ചദീപാരാധനയും നടക്കും. തമിഴ്നാട്, കർണാടകം, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് ഭക്തർ പൊങ്കാലയിടാൻ എത്തിയിട്ടുണ്ട്.
ക്ഷേത്രത്തിൽ 12 നോയമ്പ് ഉത്സവം ഡിസംബർ 16 മുതൽ 27 വരെ നടക്കും. 21 ന് നാരീപൂജ ഉദ്ഘാടനം ഡോ. സീത സുബ്ബയ്യ സിംഗപ്പൂർ നിർവഹിക്കും. 26 ന് കലശവും തിരുവാഭരണഘോഷയാത്രയും.