തലശേരി: അടിപിടിക്കേസിൽ പൊലീസ് അറസ്റ്രുചെയ്ത പ്രതിയെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയോടെയാണ് സംഭവം. ഗുഡ്സ് ഷെഡ് റോഡിലെ എം.കെ.സി ക്വാർട്ടേഴ്സിൽ താമസിക്കുന്ന റിസ്വാനാണ് (25) പരിക്കേറ്റത്. ഇയാളുടെ സിടി സ്കാൻ എടുക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചതായും ഇതിന്റെ റിപ്പോർട്ട് കിട്ടിയാലേ പരിക്ക് ഏതുതരത്തിലുള്ളതാണെന്ന് വ്യക്തമാകൂവെന്നും പൊലീസ് അറിയിച്ചു.
ലോക്കപ്പിൽ യുവാവ് തല ചുവരിലിടിച്ച് ആത്മഹത്യക്ക് ശ്രമിച്ചതാണെന്നാണ് പൊലീസ് പറയുന്നത്. ലോക്കപ്പിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. മൂന്ന് ദിവസം മുമ്പ് ഇയാളുടെ സുഹൃത്തിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിലാണ് ഇയാളെ പൊലീസ് ഇന്നലെ വൈകിട്ട് കസ്റ്റഡിയിലെടുക്കുന്നത്. ഇയാൾ കസ്റ്റഡിയിൽ പലതവണ ക്ഷോഭിച്ചതായി പൊലീസ് അറിയിച്ചു. അതേസമയം, യുവാവിനെ പൊലീസ് കസ്റ്രഡിയിലെടുത്ത് മർദ്ദിച്ചതാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.